അമേരിക്കയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയിൽ നിയമപരമായി വന്ന് താമസിക്കുന്ന, ഗ്രീൻ കാർഡിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ആശ്വാസം. അവര്‍ക്ക് അമേരിക്ക വിട്ടുപോകണമെന്നുള്ള ഭയം ഉണ്ടാകില്ല. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതി അനിശ്ചിതമായി സ്റ്റേ ചെയ്തു.

ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിനെ വിമർശിച്ച സിയാറ്റിൽ കോടതി, ഭരണഘടനയുമായി “ഏറ്റുമുട്ടാന്‍” ട്രം‌പ് നിയമം മറികടക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു.

യുഎസ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയതിനു പുറമേ, ട്രംപിന്റെ വ്യാപകമായ നാടുകടത്തൽ നടപടിക്കുള്ള രണ്ടാമത്തെ പ്രധാന നിയമപരമായ തിരിച്ചടിയാണ് യുഎസ് ജില്ലാ ജഡ്ജി ജോൺ കഫെനറിന്റെ പ്രാഥമിക സ്റ്റേ വിധി. നേരത്തെ, മെരിലാൻഡിലെ ഒരു ജഡ്ജിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.

“നമ്മുടെ പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം, നിയമവാഴ്ച അദ്ദേഹത്തിന്റെ നയപരമായ ലക്ഷ്യങ്ങൾക്ക് ഒരു തടസ്സം മാത്രമാണെന്ന് വ്യക്തമായി,” വ്യാഴാഴ്ച സിയാറ്റിലിൽ നടന്ന ഒരു വാദം കേൾക്കലിൽ ജഡ്ജി കഫനൂർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, രാഷ്ട്രീയ നേട്ടത്തിനായാലും വ്യക്തിപരമായ നേട്ടത്തിനായാലും, നിയമവാഴ്ച മറികടക്കാനോ അവഗണിക്കാനോ കഴിയുന്ന ഒന്നല്ല.

ആര് എന്ത് ചെയ്താലും ഈ കോടതിയിലും എന്റെ മേൽനോട്ടത്തിലും നിയമവാഴ്ച നിലനിൽക്കുമെന്ന് ജഡ്ജി പറഞ്ഞു. ഭരണഘടനയില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രസിഡന്റിന്റെ ‘എക്സിക്യൂട്ടീവ്’ ഉത്തരവിലൂടെ മറികടക്കാന്‍ കഴിയില്ലെന്നും,  സർക്കാരിന് നയപരമായ കളികളിൽ ഏർപ്പെടാൻ കഴിയുന്ന ഒന്നല്ല ഭരണഘടനയെന്നും ജഡ്ജി പറഞ്ഞു.  ജന്മാവകാശ പൗരത്വ നിയമം മാറ്റണമെങ്കിൽ സർക്കാർ ഭരണഘടനയിൽ തന്നെ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

More News