വഖഫ് ഭേദഗതി ബില്‍ 2025: ചര്‍ച്ചയ്ക്കിടെ ദിഗ്‌വിജയ് സിംഗ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് ഗുജറാത്ത് കലാപവുമായി ബന്ധിപ്പിച്ചു; കലാപം നടക്കുമ്പോള്‍ താന്‍ മന്ത്രിയായിരുന്നില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: 2025 ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് എംപി ദിഗ്‌വിജയ് സിംഗും തമ്മിൽ കൊമ്പു കോര്‍ത്തു. ലോക്‌സഭ പാസാക്കിയതിനു ശേഷം, ഈ ബിൽ ഇപ്പോൾ രാജ്യസഭയും പാസാക്കി.

“നേരത്തെ, മുസ്ലീം സമൂഹത്തിന്റെ പ്രതീകങ്ങൾ ഉസ്താദ് ബിസ്മില്ലാ ഖാൻ, സാരിക് ഹുസൈൻ, മജ്‌റൂഹ് സുൽത്താൻപുരി, സാഹിർ ലുധിയാൻവി, കൈഫി ആസ്മി എന്നിവരെപ്പോലുള്ളവരായിരുന്നു. എന്നാൽ, ഇന്ന് മുസ്ലീം സമൂഹത്തിന്റെ നേതൃത്വം മുഖ്താർ അൻസാരി, ഇസ്രത്ത് ജഹാൻ, യാക്കൂബ് മേനോൻ, ആതിഖ് അഹമ്മദ് എന്നിവരെപ്പോലുള്ളവരുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ എംപിമാർ ശക്തമായി പ്രതിഷേധിച്ചു.

ത്രിവേദിയുടെ പ്രസ്താവന അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് വിശേഷിപ്പിച്ചു. “ഇത് മുസ്ലീങ്ങൾക്കെതിരെയുള്ള ആയുധമാണെന്ന്” അദ്ദേഹം പറഞ്ഞു. തന്നെയുമല്ല, ഗുജറാത്ത് കലാപത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ആഭ്യന്തരമന്ത്രിയെ ലക്ഷ്യം വച്ചു. “ഗുജറാത്തിലെ കലാപത്തിന് ആരാണ് ഉത്തരവാദി? കലാപം നടന്നപ്പോൾ അമിത് ഷാ അവിടെ ആഭ്യന്തരമന്ത്രിയായിരുന്നു. അദ്ദേഹം തന്റെ പങ്ക് വ്യക്തമാക്കണം,” ദിഗ്‌വിജയ് സിംഗ് ചോദിച്ചു.

ഇതിന് മറുപടിയായി അമിത് ഷാ ശക്തമായ മറുപടി നൽകി. “ദിഗ്‌വിജയ് സിംഗ് എന്റെ പേരിനെ വളരെയധികം ഭയപ്പെടുന്നതിനാൽ എല്ലായിടത്തും എന്നെ മാത്രമേ കാണുന്നുള്ളൂ. ഗുജറാത്തിൽ കലാപം ആരംഭിച്ച് 18 മാസങ്ങൾക്ക് ശേഷമാണ് ഞാൻ ആഭ്യന്തരമന്ത്രിയായത്. കലാപം നടക്കുമ്പോൾ ഞാൻ ആ സ്ഥാനത്തായിരുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് ഭേദഗതി ബിൽ ഏപ്രിൽ 2 നാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഏകദേശം 12 മണിക്കൂർ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം, രാത്രി വൈകി രണ്ട് മണിയോടെ അത് പാസായി. ബില്ലിനെ അനുകൂലിച്ച് 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും രേഖപ്പെടുത്തി. രാജ്യസഭയിൽ ഈ ബില്ലിന്മേലുള്ള വോട്ടെടുപ്പ് വിഭജനത്തിൽ, 128 വോട്ടുകൾ അനുകൂലമായും 95 വോട്ടുകൾ എതിർത്തും രേഖപ്പെടുത്തി. എന്നാൽ, എതിർത്ത 95 വോട്ടുകളിൽ രണ്ട് വോട്ടുകൾ റദ്ദാക്കിയതിനുശേഷം 93 വോട്ടുകളാണ് കണക്കിലെടുത്തത്.

Leave a Comment

More News