തിരുവനന്തപുരം: 2017-ൽ നന്തൻകോട് വെച്ച് മാതാപിതാക്കളെയും സഹോദരിയെയും അമ്മായിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 37 കാരനായ കേഡൽ ജീൻസൺ രാജയ്ക്ക് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ജീവപര്യന്തം കഠിന തടവ് വിധിച്ചു. നാല് കൊലപാതകങ്ങൾക്കായി ആകെ 26 വർഷം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ഉപദ്രവിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി വിഷ്ണു കെ. തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
ജീവപര്യന്തം തടവിന് പുറമേ, കോടതി 15 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക തിരിച്ചുപിടിച്ചാൽ, അത് കേസിലെ പ്രധാന സാക്ഷിയായ കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസിന് നൽകണം. ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിന് പിഴത്തുക നൽകാനാണ് കോടതി ഉത്തരവ്. കേദലിൻ്റെ അമ്മയ്ക്ക് ജോസ് നേരത്തെ വീടിനടുത്തുള്ള നാല് സെൻ്റ് സ്ഥലവും വീടും എഴുതി നൽകിയിരുന്നു.
സെക്ഷൻ 201, 436 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ തുടർച്ചയായി അനുഭവിക്കണം. ഈ ശിക്ഷകൾ അനുഭവിച്ച ശേഷം സെക്ഷൻ 302 പ്രകാരമുള്ള ജീവപര്യന്തം തടവ് ഒരേസമയം അനുഭവിച്ചാൽ മതിയാകും എന്നും കോടതി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ വിവിധ കുറ്റങ്ങൾക്കായി 12 വർഷം തടവ് അനുഭവിക്കണം. അതിനുശേഷം 14 വർഷം ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു.
കേസിന്റെ ക്രൂരത കണക്കിലെടുത്ത് “അപൂർവങ്ങളിൽ അപൂർവം” ആയി കണക്കാക്കുകയും കേഡൽ സമൂഹത്തിന്, പ്രത്യേകിച്ച് അയാള്‍ക്കെതിരെ സാക്ഷി പറഞ്ഞവര്‍ക്ക്, നിരന്തരമായ ഭീഷണി ഉയർത്തുന്നുമെന്ന് വാദിച്ച പ്രൊസിക്യൂട്ടര്‍ ദിലീപ് സത്യൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ഈ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അംഗീകരിച്ച കോടതി മെയ് 12-നാണ് കേഡല്‍ ജിൻസൻ രാജ കുറ്റക്കാരനാണെന്ന് വിധിച്ചത്. 302, 436, 201 എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയിരുന്നു. കേസിൽ 92 സാക്ഷികളെയാണ് വിസ്തരിച്ചത്.
2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ ഈ കൂട്ടക്കൊലയ്ക്ക് തുടക്കമായത്. തിരുവനന്തപുരത്തെ പ്രധാന മേഖലയായ നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117ആം നമ്പർ വീട്ടിലാണ് സംഭവം നടന്നത്. റിട്ട. പ്രൊഫ. രാജാ തങ്കം (60), ഭാര്യ ഡോ. ജീൻ പത്മം (58), മകൾ കരോലിൻ (25), ബന്ധുവായ ലളിത (70) എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവായ ലളിതയുടെ ശരീരം വെട്ടിനുറുക്കി പോളിത്തീൻ കവറിലാക്കി പുതപ്പുകൊണ്ട് പൊതിഞ്ഞ് പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.
കൊലപാതകത്തിൻ്റെ കാരണമായി കേദൽ ആദ്യം പൊലീസിന് നൽകിയത് ‘ആസ്ട്രൽ പ്രൊജക്ഷൻ്റെ’ ഭാഗമായാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന വിചിത്രമായ മൊഴിയായിരുന്നു (Kerala Family Murder Case). എന്നാൽ, കേദൽ നടത്തിയ കൂട്ടക്കുരുതി തികച്ചും ആസൂത്രിതമാണെന്നും ആസ്ട്രൽ പ്രൊജക്ഷൻ മൊഴി വെറും പുകമറ മാത്രമാണെന്നും മാതാപിതാക്കളോടുള്ള പകയാണ് യഥാർത്ഥ കാരണമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിതാവിനോടുള്ള അടങ്ങാത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
