പുടിനും ട്രംപും പങ്കെടുക്കാത്തതിനാൽ തുർക്കിയെയിലെ നിർദ്ദിഷ്ട റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ട്രംപ് യുഎഇ പര്യടനത്തിൽ തിരക്കിലായിരിക്കുന്ന സമയത്ത് പുടിൻ ഉപദേശകരെയാണ് അയച്ചത്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ഇത് ശക്തിപ്പെടുത്തിയിട്ടുണ്ട്.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി തുർക്കിയെയിൽ നടത്താൻ ഉദ്ദേശിക്കുന്ന സമാധാന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ട്രംപും പങ്കെടുക്കാതിരുന്നത് ചർച്ചകളുടെ ഗൗരവത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയിരിക്കുകയാണ്. ബുധനാഴ്ച ക്രെംലിൻ റഷ്യൻ പ്രതിനിധി സംഘത്തിന്റെ പേരുകൾ പ്രഖ്യാപിച്ചെങ്കിലും പുടിന്റെ പേര് അവരിൽ ഉണ്ടായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വ്‌ളാഡിമിർ മെഡിൻസ്‌കിയായിരിക്കും പ്രതിനിധി സംഘത്തെ നയിക്കുന്നത്. വിദേശകാര്യ ഉപമന്ത്രി മിഖായേൽ ഗലുസിൻ, സൈനിക ഇന്റലിജൻസ് മേധാവി ഇഗോർ കോസ്റ്റ്യുക്കോവ്, പ്രതിരോധ ഉപമന്ത്രി അലക്സാണ്ടർ ഫോമിൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. പുടിൻ തന്നെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമായി, അതിനാൽ ആദ്യ റൗണ്ടിൽ തന്നെ എന്തെങ്കിലും വ്യക്തമായ പരിഹാരത്തിനുള്ള സാധ്യത കുറഞ്ഞു.
മോസ്കോ തങ്ങളുടെ പ്രതിനിധി സംഘത്തെ വെളിപ്പെടുത്തുന്നതുവരെ കീവ് പ്രതികരിക്കില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കി. ക്രെംലിൻ പട്ടിക പുറത്തിറക്കിയതോടെ സെലെൻസ്‌കിയുടെ അടുത്ത നീക്കം കാത്തിരിക്കുകയാണ്. എന്നാൽ, പുടിന്റെ അഭാവം ഉക്രേനിയൻ നേതൃത്വത്തിന്റെ മനസ്സിലെ സംശയങ്ങൾ വർദ്ധിപ്പിച്ചു.
24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച വീണ്ടും അവകാശപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം തുർക്കിയേ സന്ദർശിക്കുന്നതിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. താൻ യുഎഇയിലേക്ക് ഒരു ടൂർ പോകുകയാണെന്നും, തുർക്കിയേ തന്റെ ഷെഡ്യൂളിൽ യോജിച്ചതല്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാല്‍, പിന്നീട് അദ്ദേഹം “സാധ്യത” യുണ്ടെന്നും പറഞ്ഞു. ട്രംപിന്റെ അവകാശവാദം പൊള്ളയായി മാറുന്നത് ഇത് രണ്ടാം തവണയാണ് – നേരത്തെ അദ്ദേഹം ഇന്ത്യ-പാക്കിസ്താന്‍ യുദ്ധം നിർത്തുമെന്ന് പൊള്ളയായ അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്താനും പരസ്പരം വെടിനിര്‍ത്തല്‍ അംഗീകരിച്ചതോടെ ട്രംപിന്റെ ‘അടവ് നയം’ ലോകം മനസ്സിലാക്കുകയും ചെയ്തു.
തുർക്കിയെ ചർച്ചകളിൽ ട്രംപിന്റെ ‘ഡീൽ മേക്കർ’ കാർഡാണ് വീണ്ടും പരാജയപ്പെട്ടത്. ഒരു കാര്യവും മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, ഭീഷണിപ്പെടുത്തലും പെട്ടെന്നുള്ള സമീപനവുമാണ് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നത്. ഇറാൻ മുതൽ ഉക്രെയ്ൻ വരെ, അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ ഇപ്പോൾ ലോകത്ത് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽക്കൂടി, ഒരു “പരിഹാരവാദി” എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വയം പുകഴ്ത്തലിനും പ്രതിച്ഛായക്കും വലിയ രീതിയിലുള്ള തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
