ന്യൂയോര്‍ക്ക്: ക്വീന്‍സ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന മലയാളിയായ സിതാര ജോർജിനെ ഡെയ്സി അവാർഡ് നൽകി ആശുപത്രി ആദരിച്ചു. ന്യൂയോർക്ക് സിറ്റി ഹെൽത്ത് & ഹോസ്പിറ്റൽസ് കോർപറേഷന്റെ ഈ ആശുപത്രിയില്‍ കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി സിതാര സേവനം ചെയ്തുവരുന്നു. രോഗികളും അവരുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും നാമ നിർദേശം ചെയ്യുന്നവരില്‍ നിന്നാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
അകാല ജനനം മൂലം സങ്കീര്‍ണ്ണമായ ശാരീരിക പ്രശ്നങ്ങളുമായി തീവ്ര പരിചരണ വിഭാഗത്തിലെത്തുന്ന ശിശുക്കൾക്ക് ജീവൻ നിലനിർത്തുന്നതിനും, സാന്ത്വനം നൽകുന്നതിനും, അവർക്കാവശ്യമായ മാനസിക പോഷണം നല്‍കുന്നതിനോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത വിഷമങ്ങളിൽ കൂടി കടന്നുപോകുന്ന അവരുടെ മാതാപിതാക്കന്മാർക്ക് അവരുടെ അവസ്ഥയ്ക്കനുസരിച്ച് നൽകിക്കൊണ്ടിരിക്കുന്ന അസാമാന്യമായ സഹാനുഭൂതിയും ആശ്വാസവുമാണ് സിതാരയ്ക്ക് ഡെയ്സി അവാർഡിന് വഴിയൊരുക്കിയത്.
“ഭയവും ആശങ്കയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്ത അവസ്ഥയിൽ ആശുപത്രിയിലെത്തുന്ന മാതാപിതാക്കന്മാർക്ക് പ്രതീക്ഷ നൽകുക, ആശ്വാസം നൽകുക, അല്ലെങ്കിൽ ധൈര്യം നൽകുക, അവരുടെ മാനസികാവസ്ഥ പങ്കുവയ്ക്കുന്നതിനു അവസരം നൽകുക എന്നിവ പലപ്പോഴും വെല്ലുവിളികളാകാറുണ്ട്. ചിലപ്പോൾ ശിശുക്കളുടെ മരണം പോലും കാണേണ്ടി വരുകയും, മാതാപിതാക്കളെ നേരിടേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞു വീട്ടിൽ വന്നാലും ആ മുഖങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കും അല്ലെങ്കിൽ മനസിന്റെ പശ്ചാത്തലത്തിലുണ്ടാകും,” സിതാര പറയുന്നു.
നഴ്സിന്റെ തനതായ സേവനത്തെ അഗാധമായ കൃതജ്ഞതയോടെ അർത്ഥവത്തായി ആദരിക്കുകയാണ് ഡെയ്സി ഫൗണ്ടേഷന്റെ ലക്ഷ്യം. 1999-ൽ ഒരു ഓട്ടോ-ഇമ്മ്യൂൺ രോഗബാധിതനായി മുപ്പത്തിമൂന്നാം വയസ്സിൽ മരിക്കുന്നതിനു മുൻപ്
ആശുപത്രിയില്‍ ചെലവഴിച്ച എട്ടാഴ്ചകളിൽ പാട്രിക് ബാണ്‍സ് എന്ന യുവാവിന് നഴ്സുമാർ നൽകിയ അവിശ്വസനീയമായ അനുകമ്പയും ശുശ്രൂഷയും നിറഞ്ഞ അനുഭവമാണ് വിശിഷ്ട നഴ്സുമാർക്ക് ഡെയ്‌സി (ഡിസീസസ് അറ്റാക്കിംഗ് ഇമ്മ്യൂൺ സിസ്റ്റം) ബഹുമതി നൽകി ആദരിക്കുന്നതിന് പാട്രിക്കിന്റെ കുടുംബത്തിന് പ്രചോദനം നൽകിയത്.
തങ്ങളുടെ കുടുംബത്തിലെ ഏറ്റവും അന്ധകാരാവൃതമായ ആ കാലഘട്ടത്തിൽ നഴ്‌സുമാരിൽ നിന്ന് ലഭിച്ച സഹാനുഭൂതിയും മൃദുലത നിറഞ്ഞ പിന്തുണയും സ്നേഹം നിറഞ്ഞ ആലിംഗനവും തങ്ങൾക്ക് വളരെയധികം ആശ്വാസം നല്‍കിയിട്ടുണ്ടെന്ന് അവർ അവാർഡ് നല്‍കവേ സ്മരിച്ചു.
സിയാറ്റിലിലെ ഒരു ക്യാൻസർ കെയർ ആശുപത്രിയില്‍ തുടങ്ങിയ അവാർഡ് ദാനം ഇപ്പോൾ അമേരിക്കയിലെ നൂറു കണക്കിനു ആശുപത്രികളിലും, ജപ്പാൻ, കൊറിയ, സൗദി അറേബ്യ, യൂഎഇ, ഫിലിപ്പൈന്‍സ്, ഖത്തർ, ലെബനൻ, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിലെ നഴ്‌സുമാർക്കും നൽകുന്നുണ്ട്.
നഴ്സും തന്റെ രോഗിയും തമ്മിലുള്ള ബന്ധത്തെ ദ്യോതിപ്പിക്കുന്ന, കൈകൊണ്ട് സാംബിയയിൽ നിർമ്മിച്ച ‘ഹീലേഴ്‌സ് ടച്’ സ്തൂപം, ബഹുമതി പിൻ, ബഹുമതി പത്രം, അവർക്ക് ബഹുമതി നേടിക്കൊടുത്ത നോമിനേഷൻ, ഒരു സമ്മാന സഞ്ചി, ജോലി ചെയ്യുന്ന യൂണിറ്റിലെ സഹപ്രവർത്തകരുമായി പങ്കിടുന്നതിനുള്ള ‘സിന്നമണ്‍ ബണ്ണുകൾ’ എന്നിവയും പ്രൊഫഷണൽ ഡെവലൊപ്മെന്റിനും വിദ്യാഭ്യാസത്തിനും ആരോഗ്യപ്രദാനമായ ബെനഫിറ്റുകളുമാണ് സമ്മാനം.
അലങ്കരിച്ചൊരുക്കിയ സമ്മേളന സ്ഥലത്ത്, ഹോസ്പിറ്റൽ നേതൃത്വത്തിന്റെ അനുമോദനങ്ങളോടെ, മുൻസൂചന ഒന്നുമില്ലാതെയാണ് സിതാരയ്‌ക്ക് അവാർഡ് സമ്മാനിച്ചത്. ഡെയ്‌സി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ സിതാരയെ ഓണറിമാരുടെ നിരയിൽ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യും.
കേരളത്തില്‍ പാലായ്ക്കടുത്ത് കുമ്മണ്ണൂരിൽ ജനിച്ചു വളർന്ന സിതാര, ഡൽഹിയിൽ നഴ്സിംഗ് പഠിച്ചു മലേഷ്യയിൽ ക്വലാലംപൂരിലും, യൂ.കെ.യിൽ വോർചേസ്റ്റെർഷെയറിലും ജോലി ചെയ്ത് 2003-ലാണ് അമേരിക്കയിൽ കുടിയേറിയത്. ഇപ്പോൾ ഭർത്താവ് ബിജോയ് ജോർജിനോടും മകൾ നെഹായോടുമൊപ്പം ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്നു.
