പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഹരിയാനയിലെ യൂട്യൂബർ ജ്യോതി മൽഹോത്രയെക്കുറിച്ച് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മെയ് 22 ന് ജ്യോതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ജ്യോതിയുടെ ലാപ്ടോപ്പിൽ നിന്നും മൊബൈലിൽ നിന്നും സുരക്ഷാ ഏജൻസികൾ സുപ്രധാന സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജ്യോതി പാക്കിസ്താനിലേക്ക് ഒരു യാത്ര പോയ സമയത്തേതാണ് ഈ വീഡിയോ.
വീഡിയോയിൽ, ജ്യോതി പാക്കിസ്താനിലെത്തി പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനെ കാണുന്നതും, മറിയം നവാസ് ജ്യോതിയോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാം.
പാക്കിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാക്കിസ്താൻ ജീവനക്കാരനായ എഹ്സാൻ ഉർ റഹീം എന്ന ഡാനിഷ് ആണ് ജ്യോതിയെ അത്താഴത്തിന് ക്ഷണിച്ചതെന്ന് വിവരം. ഈ സമയത്ത് ഇരുവരും തമ്മിൽ സംഭാഷണം നടന്നു. ജ്യോതി അദ്ദേഹത്തോടൊപ്പം ഒരു വീഡിയോയും റെക്കോർഡു ചെയ്തു, പിന്നീട് ഡാനിഷും സുഹൃത്ത് അലി എഹ്സാനും ജ്യോതിയെ പാക്കിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.
ഇന്ത്യയിൽ താമസിക്കുമ്പോൾ ഡാനിഷ് ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സുരക്ഷാ ഏജൻസികൾ ഈ വിഷയം ഗൗരവമായി കാണുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം, ജ്യോതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് ഇപ്പോൾ 5 ദിവസത്തെ സമയം ലഭിച്ചിട്ടുണ്ട്.
