മലബാറിലെ സീറ്റ്‌ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും: നഈം ഗഫൂർ

ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റിന് തുടക്കം

ഫ്രറ്റേണിറ്റി ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് ‘ഉയരെ’ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം: ഹയർ സെക്കൻഡറി മേഖലയിൽ നിലനിൽക്കുന്ന മലബാറിലെ രൂക്ഷമായ സീറ്റ്‌ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ പറഞ്ഞു. ശാശ്വതമായ പരിഹാരം കാണാൻ സർക്കാറിന് ഒരു താല്പര്യവുമില്ല. അതുകൊണ്ടാണ് വർഷങ്ങളായി കണ്ണിൽപൊടിയിടുന്ന പൊടിക്കൈകൾ മാത്രം ചെയ്യുന്നത്. ‘വിധേയപ്പെടാത്ത നീതിബോധം, ചെറുത്ത് നിൽപ്പിൻ്റെ സാഹോദര്യം’ എന്ന തലക്കെട്ടിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ എടത്തല ശാന്തിഗിരി ആശ്രമത്തിൽ വെച്ച് നടക്കുന്ന ഫ്രറ്റേണിറ്റി സംസ്ഥാന ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവൻ ഉപരിപഠന സ്ട്രീമുകൾ പരിഗണിച്ചിട്ടും മലബാർ ജില്ലകളിൽ അപേക്ഷകരായ 79,380 കുട്ടികൾ പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കേണ്ടിവരികയാണ്. അതേസമയം, തെക്കൻ ജില്ലകളിൽ മുഴുവൻ വിദ്യാർത്ഥികൾ പ്രവേശനമെടുത്താലും 8929 സീറ്റുകൾ കാലിയാകും. മലബാറിലെ പ്രതിസന്ധി പരിഹരിക്കാൻ 1588 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം.

ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി ഉയർത്തുക, മലബാറിലെ വിദ്യാർത്ഥികൾക്കും ഇഷ്ടപ്പെട്ട സ്ക്കൂളും കൊമ്പിനേഷനും തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ തുറന്നുനൽകുക, പ്രഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിൽവരുത്തുക തുടങ്ങിയ കാര്യങ്ങളും സർക്കാർ നടപ്പിൽവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവേശന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി കേന്ദ്ര കമ്മിറ്റിയംഗവും ഇഫ് ലു യൂണിറ്റ് ജോയിൻ്റ് സെക്രട്ടറിയുമായ നൂറ മൈസൂൺ മുഖ്യാതിഥിയായി. വെൽഫെയർ പാർട്ടി എറണാകുളം ജില്ല വൈസ് പ്രസിഡൻ്റ് നിസാർ കളമശേരി സംസാരിച്ചു.

ലബീബ് കായക്കൊടി, സഹ് ല ഇ.പി, ഫയാസ് ഹബീബ്, ജംഷീൽ അബൂബക്കർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. വ്യാഴാഴ്ച്ച ക്യാമ്പ് സമാപിക്കും.

മുഹമ്മദ് സഈദ് ടി.കെ, ഗോപു തോന്നക്കൽ, അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ, ഇജാസ് ഇഖ്ബാൽ, സൈഫുൽ ആദിൽ, യാസിർ, ആഷിഖ്, ലമീഹ്, സഹൽ, നൗഷാദ്, ബരീറ സി.ടി, അദീബ, ഫായിസ്, ഫയാസ് എന്നിവർ നേതൃത്വം നൽകി.
പോലീസ് അതിക്രമങ്ങൾക്കും ഭരണകൂട വംശീയതക്കുമെതിരെ പരിപാടിയോടനുബന്ധിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

Leave a Comment

More News