2022-ൽ കാനഡ-യുഎസ് അതിർത്തി കടക്കുന്നതിനിടെ കൊടും തണുപ്പേറ്റ് ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തില്‍ നിന്നുള്ള നാലംഗ കുടുംബം മരിച്ച കേസിൽ അമേരിക്കയിലെ രണ്ട് മനുഷ്യക്കടത്തുകാർക്ക് 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. വ്യാജ വിസകളിലൂടെ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിൽ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമായിരുന്നു ഇവര്‍.
അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് നടത്തിയതിന് മിനസോട്ടയിലെ കോടതിയാണ് രണ്ട് പേർക്ക് ശിക്ഷ വിധിച്ചത്. 2022 ജനുവരിയിലാണ് കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, മാതാപിതാക്കളും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കൊടും തണുപ്പിൽ കുടുങ്ങി മരണപ്പെട്ടത്.
“ഡേർട്ടി ഹാരി” എന്നും അറിയപ്പെടുന്ന ഇന്ത്യൻ പൗരൻ ഹർഷ്കുമാർ രാമൻലാൽ പട്ടേലിന് (29) 10 വർഷവും ഒരു മാസവും തടവ് ശിക്ഷ ലഭിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പട്ടേലിനെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. പട്ടേലിനൊപ്പം കുറ്റാരോപിതനായ ഫ്ലോറിഡ നിവാസിയായ സ്റ്റീവ് ആന്റണി ഷാൻഡിന് (50) ആറ് വർഷവും ആറ് മാസവും തടവും രണ്ട് വർഷത്തെ മേൽനോട്ട മോചനവും വിധിച്ചു.
വ്യാജ വിസയിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലേക്ക് കൊണ്ടുവന്ന് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാൻ സഹായിച്ച ഒരു സംഘടിത കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു പട്ടേലും ഷാൻഡും. കാനഡയിലെ മാനിറ്റോബയിൽ നിന്ന് യുഎസിലെ ചിക്കാഗോയിലേക്കുള്ള മനുഷ്യക്കടത്ത് പാത പട്ടേലാണ് ആസൂത്രണം ചെയ്തിരുന്നത്. അതേസമയം, ഷാൻഡ് യുഎസ് അതിർത്തിയിൽ നിന്ന് ആളുകളെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമായിരുന്നു.
2023 നവംബറിൽ മിനസോട്ടയിലെ ഒരു ഫെഡറൽ കോടതിയിൽ രണ്ട് കുറ്റവാളികളെയും നാല് കുറ്റങ്ങൾ വീതം ചുമത്തി വിചാരണ ചെയ്ത് ശിക്ഷിച്ചു. പട്ടേലിന് ശിക്ഷ വിധിക്കുമ്പോൾ, കേസ് വ്യക്തമാണെന്നും വിധി റദ്ദാക്കാൻ ഒരു കാരണവുമില്ലെന്നും ജഡ്ജി ജോൺ ടൺഹൈം പറഞ്ഞു.
ഈ റാക്കറ്റ് വഴി ഇന്ത്യയിൽ നിന്ന് ഒരാളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് ഏകദേശം 1 ലക്ഷം ഡോളർ (83 ലക്ഷം രൂപ) ആയിരുന്നു. ഈ കള്ളക്കടത്ത് ശ്രമത്തിൽ ഗുജറാത്തിലെ ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലിബെൻ, മകൾ വിഹാംഗി (11), മകൻ ധരമിക് (3) എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടു. 2022 ജനുവരി 19 ന് മാനിറ്റോബയുടെയും മിനസോട്ടയുടെയും അതിർത്തിക്ക് സമീപമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മെച്ചപ്പെട്ട ജീവിതം തേടി നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ അമേരിക്കയിലേക്ക് കടന്നവരില്‍ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു ആ കുടുംബം. ജഗദീഷ് പട്ടേൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വിറ്റു, വിദേശ യാത്ര ഒരു അവധിക്കാലമാക്കാൻ കുടുംബം വീട് ഉപേക്ഷിച്ചു. ജനുവരി 12 ന് കാനഡയിലേക്ക് പോയതിനു ശേഷമാണ് അദ്ദേഹത്തിന്റെ യാത്രാവിവരങ്ങള്‍ ബന്ധുക്കളും മറ്റും അറിയുന്നത്. വിവരങ്ങള്‍ അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
