സംസ്ഥാന ബാലവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി ആരംഭിച്ച ‘റേഡിയോ നെല്ലിക്ക’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അതോടൊപ്പം റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്ഘാടന കര്‍മ്മത്തില്‍ കമ്മീഷന്‍ ചെയർപേഴ്‌സൺ കെ.വി. മനോജ്കമാർ, അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ, കെ.കെ. ഷാജു, ബി.മോഹൻകുമാർ, സെക്രട്ടറി എച്ച് നജീവ്, സൗണ്ട് പാർക്ക് അക്കാദമി സി.ഇ.ഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമ്മീഷന്‍ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട്  അവബോധം വളർത്തുന്നതിന്നന് റേഡിയോ സഹായകരമാകും. ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യ കാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.

തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ 15397 സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ, അദ്ധ്യാപകര്‍, പി ടി എ, എസ് പി സി, എൻ.എസ്.എസ്, സ്‌കൂൾ ക്ലബുകൾ എന്നിവ വഴിയാകും കുട്ടികളിൽ റേഡിയോ എത്തുക. അതുപോലെ  കുടുബശ്രീയുടെ 29202 ബാലസഭകളും വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള 33120 അംഗന്‍‌വാടികളിലെ അദ്ധ്യാപകരും രക്ഷിതാക്കളും, ജില്ലകളിലെ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കമ്മീഷന്റെ റേഡിയോ നെല്ലിക്ക എത്തും. കൂടാതെ, 1200 ഗ്രാമ-ബ്ലോക്ക്-ജില്ലാ-മുനിസിപ്പൽ-കോർപ്പറേഷനുകളിലെ 21900 വാഡുകളിലും, എന്‍‌ജി‌ഒകള്‍,  റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിൽ മുഴുവനായും ബാലാവകാശ സാക്ഷരത എത്തിക്കാൻ റേഡിയോയിലൂടെ കഴിയും. ഇതിനായി വനിതാ ശിശു വികസനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം പട്ടിക ജാതി പട്ടിക വർഗ വികസനം, പോലീസ് എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ സഹകരണവും പ്രവർത്തനങ്ങളുമാണ് കമ്മീഷന്‍ നടത്തിവരുന്നത്.

ആൻഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും ഐ.ഒ.എസ്ൽ ആപ്‌സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്‌സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക്  ഇ-മെയിലായും (radionellikka@gmail.com), വാട്ട്‌സാപ്പ് (9993338602) മുഖേനയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

 

Leave a Comment

More News