വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎയുമായി നാലു പേരെ ഡാന്‍സാഫ് സംഘം പിടികൂടി

തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ ഒന്നര കിലോ എംഡിഎംഎയുമായി നാലു പേരെ ഡാൻസാഫ് സംഘം പിടികൂടി. സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരെയാണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ല. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ പ്രതിയാണ് സഞ്ജു.

ഈ മാസം ആദ്യം സഞ്ജു വിദേശത്തേക്ക് പോയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്വർണ്ണമോ മയക്കുമരുന്നോ കടത്താൻ വേണ്ടിയായിരിക്കാം ഇയാൾ വിദേശത്തേക്ക് പോയതെന്ന് പോലീസ് സംശയിച്ചിരുന്നു. സഞ്ജുവും കൂട്ടാളി നന്ദുവും ഇന്ന് രാവിലെ തിരിച്ചെത്തി. ഇവരെ വഹിച്ചുകൊണ്ടുപോയ വാഹനം തടയാൻ ഡാൻസാഫ് സംഘം ശ്രമിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞു.

പിന്നാലെ എത്തിയ DANSAF സംഘം വാഹനം പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയില്ല. എന്നാല്‍, ഇവരുടെ വാഹനത്തിന്റെ തൊട്ടു പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാന്‍ സംശയത്തിന്റെ പേരിൽ പരിശോധിച്ചപ്പോള്‍ അതിൽ ഈന്തപ്പഴമായിരുന്നു. എന്നാല്‍, വിശദമായ പരിശോധന നടത്തിയപ്പോൾ MDMA കണ്ടെത്തി. ഈ വാഹനത്തിലുണ്ടായിരുന്ന ഉണ്ണിക്കണ്ണനെയും പ്രദീപിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഞ്ജുവിന്റെ സഹായികളാണ്.

Leave a Comment

More News