തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ മോചിപ്പിച്ചതിന് നന്ദി അറിയിക്കാൻ ബിലീവേഴ്സ് ചർച്ച് അതിരൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് സിൽവാനിയോസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രിസ്ത്യൻ നേതാക്കൾ കേക്കുമായി ബിജെപി ഓഫീസിലെത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ഒമ്പതാം ദിവസം ജാമ്യം ലഭിച്ചു. ഈ വിഷയത്തിൽ സഭയ്ക്കുള്ളിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. ബിജെപിയെ വിമർശിച്ചും പിന്തുണച്ചും വിവിധ സഭകൾ രംഗത്തെത്തി. അതിനിടയിലാണ് കേക്ക് മുറിക്കൽ ആഘോഷം നടന്നത്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് ഇരിങ്ങാലക്കുട രൂപത ഒരു ഇടയ ലേഖവും ഇറക്കിയിരുന്നു. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളെയും നിയന്ത്രിക്കാനും അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ട തിരിച്ചറിയണമെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീകളുടെ മോചനത്തിനായി കേന്ദ്ര സർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നത് നിരാശാജനകമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കന്യാസ്ത്രീകളുടെ അറസ്റ്റിന് ബിജെപിയെയും സംഘപരിവാർ സംഘടനകളെയും ശക്തമായി വിമർശിച്ച് ദീപിക ഒരു എഡിറ്റോറിയലും എഴുതിയിരുന്നു. ബജ്‌റംഗ്ദൾ ഒരു തീവ്രവാദ പ്രസ്ഥാനമാണെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയ്‌ക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും ‘ദീപിക’ വിമർശിച്ചു.
