നിമിഷ പ്രിയ കേസ്: തൂക്കിലേറ്റല്‍ തിയ്യതി ആവശ്യപ്പെട്ട് മഹ്ദിയുടെ സഹോദരൻ ജഡ്ജിക്ക് കത്തെഴുതി

യെമൻ പൗരന്റെ മരണത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് മരിച്ചയാളുടെ കുടുംബം ആവശ്യപ്പെടുകയും അനുരഞ്ജനത്തിന് വിസമ്മതിക്കുകയും ചെയ്തു. യെമനിലെ സുരക്ഷാ സാഹചര്യം വഷളായതിനാൽ, പ്രതിനിധി സംഘത്തെ അവിടേക്ക് പോകാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചിട്ടില്ല. നിമിഷയെ സഹായിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

2025 ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെത്തുടർന്ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റി വെച്ചിരുന്നു. എന്നാല്‍, കൊല ചെയ്യപ്പെട്ട തലാല്‍ അബ്ദു മഹ്ദനിയുടെ കുടുംബം ഉടനടി വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും അനുരഞ്ജനത്തിന് പൂർണ്ണമായും വിസമ്മതിക്കുകയും ചെയ്തു.

നിമിഷ പ്രിയ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇപ്പോള്‍, മരണപ്പെട്ടയാളുടെ സഹോദരൻ അബ്ദുൾ ഫത്തേഹ് അബ്ദു മഹ്ദി യെമൻ അറ്റോർണി ജനറലിനും ജഡ്ജിക്കും കത്തെഴുതിയിരിക്കുകയാണ്. കുടുംബം അനുരഞ്ജനത്തിനോ മധ്യസ്ഥതയ്‌ക്കോ തയ്യാറല്ലെന്നും, ശിക്ഷ ഉടൻ നടപ്പാക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു.

ജൂലൈ 16 ന് ശിക്ഷ മാറ്റിവച്ചതിന് ശേഷം പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഇത് അവരുടെ വേദന വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ എഴുതി.

പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സമൂഹമാധ്യമത്തിൽ മെഹ്‌ദി കുറിച്ചു. “നീതിയിലേക്കുള്ള പാത നന്നായി അറിയാം. പ്രതികാരം ചെയ്‌താൽ മാത്രമേ അടിച്ചമർത്തപ്പെട്ടവരുടെ അന്തസ് വീണ്ടെടുക്കാൻ കഴിയൂ. ആരുടെയും ശുപാർശയ്‌ക്കോ അനുവാദത്തിനോ കാത്തിരിക്കുന്നില്ല. മുറിവേറ്റ മനസോടെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങളുടെ പാത വ്യക്തമാണ്, ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. പ്രതികാരം ഞങ്ങളുടെ മാത്രം ആവശ്യമാണ്…” എന്ന് മെഹ്‌ദി സമൂഹമാധ്യമത്തിൽ കുറിച്ചു.

എന്നാൽ സമൂഹമാധ്യമ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വധശിക്ഷ ശരിയായ നടപടിയല്ലെന്നും റദ്ദാക്കണമെന്നും ഒരു കൂട്ടം ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിലർ മെഹ്‌ദിയുടെ തീരുമാനങ്ങളെ അനുകൂലിച്ചും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മരവിപ്പിക്കുവാനുള്ള ഇടപെടലുകൾ ശക്തമായി പുരോഗമിക്കുന്നതിൻ്റെ ഇടയിലാണ് തലാലിൻ്റെ സഹോദരൻ അധികാരികൾക്ക് കത്തയക്കുന്നത്. ഇതിനു മുൻപും അധികാരികൾക്ക് മെഹ്‌ദി കത്തയച്ചതായി വിവിധ വൃത്തങ്ങൾ അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് മെഹ്‌ദിയുടെ ഈ കത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നത് ആശങ്കാജനകമാണ്. മെഹ്‌ദിയ്ക്ക് ഈ കേസിൽ ഇനിയും നിയമ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

കൊല്ലപ്പെട്ട യമൻ പൗരൻ്റെ അനന്തരാവാകാശികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളവർ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ യമനി പണ്ഡിതന്മാരോട് സമ്മതമറിയിച്ചിരുന്നു. ദിയാധനം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണ്. ഇതിൽ അന്തിമ തീരുമാനമായ ശേഷം സനായിലെ കോടതിയെ അറിയിക്കുമെന്നാണ് കാന്തപുരത്തെ അറിയിച്ചത്. ഈയൊരു സാഹചര്യത്തിൽ അനന്തരാവകാശികളിൽ ഒരാൾ മാത്രമായ സഹോദരൻ്റെ എതിർപ്പിന് പ്രസക്തിയില്ലന്നാണ് സൂചന.

ശരീഅത്ത് നിയമ പ്രകാരം അനന്തരാവകാശികളിൽ ഒരാളെങ്കിലും പ്രതിക്ക് മാപ്പ് നൽകിയാൽ വധശിക്ഷയിൽ ഇളവ് ലഭിക്കും. ഇത് നിമിഷയ്ക്ക് അനുകൂലമാകുമെന്നാണ് മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ പ്രതീക്ഷിക്കുന്നത്. മധ്യസ്ഥ ചർച്ചകളുടെ ഫലമായി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ധാരണയിലെത്തി എന്ന വിവരങ്ങൾ വന്നിരുന്നു. എന്നാൽ ഈ വാദത്തെ കേന്ദ്രം തള്ളിയിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളുടെ നേത്യത്വത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു.

അതേസമയം, നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേന്ദ്രത്തിൻ്റെ ഈ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനും ദിയാധന ചർച്ചകൾ നടത്താനുമായി ആറംഗ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടത്. ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ, കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മർകസ് പ്രതിനിധികളായി മുസ്ലിം പണ്ഡിതൻ അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്നും, ബാക്കി രണ്ടു പേരെ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരാക്കണമെന്നുമായിരുന്നു ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം.

കേന്ദ്ര സർക്കാരിൽ നിന്ന് മറ്റൊരു തീരുമാനവും പ്രതീക്ഷിച്ചിരുന്നില്ലെന്നും സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്ര സർക്കാരിനെ സമീപിച്ചതെന്നും ആക്ഷൻ കൗൺസിലിൻ്റെ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഓഗസ്റ്റ് 14നാണ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 16 നാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത്. 2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്‌ദു മെഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. കോടതി വിചാരണയില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിമിഷ പ്രിയയ്‌ക്ക് യമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

യഥാർത്ഥത്തിൽ, യെമൻ 2014 മുതൽ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. തലസ്ഥാനമായ സന ഹൂത്തി വിമതരുടെ കൈവശമാണ്, യെമന്റെ അംഗീകൃത സർക്കാർ സൗദി അറേബ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ ഹൂത്തി സർക്കാരിനെ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യെമനുമായുള്ള നയതന്ത്ര ബന്ധങ്ങൾ പരിമിതമാണ്. സുരക്ഷാ കാരണങ്ങളാൽ നിമിഷയെ രക്ഷിക്കാൻ യെമനിലേക്ക് ആളുകൾ പോകുന്നത് ഇന്ത്യൻ സർക്കാർ തടയുകയും ചെയ്തു. യെമനിലെ സ്ഥിതി അതിലോലമായതാണെന്നും അവിടെയുള്ള ഇന്ത്യൻ എംബസി റിയാദിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനാൽ, യെമനിലേക്ക് പോകാൻ അനുമതി നൽകാനാവില്ലെന്നാണ് മന്ത്രാലയം പറയുന്നത്.

പാലക്കാട് സ്വദേശിനിയാണ് നിമിഷ പ്രിയ. 2008 ൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് യെമനിലേക്ക് പോയത്. അവിടെ ഒരു സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ച നിമിഷ മെച്ചപ്പെട്ട വരുമാനം നേടുന്നതിനായി, ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ക്ലിനിക് ആരംഭിക്കാന്‍ തീരുമാനിച്ചു. യെമനില്‍ ക്ലിനിക് തുടങ്ങണമെങ്കില്‍ ഒരു യെമന്‍ പൗരന്റെ മേല്‍‌വിലാസത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് വിജയിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. നിമിഷപ്രിയയുടെ പാസ്പോര്‍ട്ട് മഹ്‌ദി കൈക്കലാക്കിയെന്നു മാത്രമല്ല കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണവും തട്ടിയെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി ദേഹോപദ്രവം ഏല്പിക്കാന്‍ തുടങ്ങി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസില്‍ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Leave a Comment

More News