മൈക്രോ മൈനോരിറ്റി: കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ കാലങ്ങളായി സൂക്ഷ്മ ന്യൂനപക്ഷമായി തുടരുന്ന ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ഇന്ത്യയിലെ ആറ് വിജ്ഞാപിത മത ന്യൂനപക്ഷങ്ങളില്‍ മുസ്ലിം ഒഴിച്ചുള്ള അഞ്ച് വിഭാഗങ്ങള്‍ക്കും 2.5 ശതമാനത്തില്‍ താഴെ വീതം മാത്രമാണ് ജനസംഖ്യ. നിലവില്‍ ജനസംഖ്യ വളരെ കുറഞ്ഞിരിക്കുന്നതും ഓരോ വര്‍ഷവും കുറഞ്ഞു കൊണ്ടിരിക്കുന്നതുമായ ഈ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംരക്ഷണവും ക്ഷേമപദ്ധതികളും നല്‍കേണ്ടത്.

സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും ജനസംഖ്യയിലും അനുദിനം വളര്‍ച്ച നേടുന്ന മതവിഭാഗത്തിന് ന്യൂനപക്ഷ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ ഒന്നടങ്കം സര്‍ക്കാര്‍ നല്‍കുന്നത് ന്യായീകരിക്കാനാവില്ല.

മതന്യൂനപക്ഷങ്ങളില്‍ കുറഞ്ഞ തോതിലുള്ള പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവരുള്‍പ്പെടെ നിലവിലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങളെ മൈക്രോ മൈനോരിറ്റിയായി കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍വചിക്കണം. ഇവര്‍ക്കായി പ്രത്യേക സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കണം. പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും നല്‍കുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഈ ഭരണഘടന അവകാശങ്ങള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടണം. കേന്ദ്ര ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷേമപദ്ധതി വിഹിതങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്ന് വെട്ടിച്ചുരുക്കിയിരിക്കുന്നത് പുനഃസ്ഥാപിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

Leave a Comment

More News