വാളയാർ: രേഖകളില്ലാതെ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളുമായി വാളയാർ എക്സ്പ്രസ് ചെക്ക് പോസ്റ്റിൽ രണ്ടു പേരെ എക്സൈസ് സ്ക്വാഡ് പിടികൂടി. മുംബൈ സ്വദേശികളായ സങ്കിത് അജയ് ജെയിൻ (28), ഹിദേഷ് ശിവറാം സെലാങ്കി (23) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ 9.30 ന് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ.
പിടിച്ചെടുത്ത സ്വര്‍ണ്ണം സംസ്ഥാന ജിഎസ്ടി വകുപ്പിന് കൈമാറി. ഏകദേശം 8.696 കി.ഗ്രാം ആഭരണങ്ങള്‍ പോളിത്തീൻ കവറുകളിലായിരുന്നു. സ്വർണം തൃശൂരിലേക്ക് കൊണ്ടുവന്നതായി യുവാക്കള്‍ പറഞ്ഞു. വാളയാർ എൻഫോഴ്‌സ്‌മെന്റ് എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. രമേശ്, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ജെ. ശ്രീജി, കെ.എ. മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എം. സജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
