നാഷണൽ ലേബർ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തെ തകർക്കാത്ത വികസന ദർശനം രൂപപ്പെടുത്തുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ്, ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്രയും വലിയ തോതിലുള്ള ഒരു ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്. ഇത് വെറും ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കേണ്ട ഒന്നല്ല. മറിച്ച്, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും നിലനിൽപ്പും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയവും ജനാധിപത്യപരവുമായ ഒരു പ്രതിരോധ സംവിധാനമായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂലധനത്തിന്റെയും തൊഴിൽ ശക്തിയുടെയും അധികാരങ്ങൾ തമ്മിലുള്ള അസമത്വം ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഈ സമയത്ത്, തൊഴിലാളിവർഗത്തിനുവേണ്ടി സംസാരിക്കുകയും അവരുടെ ആശങ്കകൾ പങ്കുവെക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ രാഷ്ട്രീയവും ധാർമ്മികവുമായ കടമയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയും ഉൽപ്പാദന രീതികളും മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഈ മാറ്റങ്ങൾ ആർക്കുവേണ്ടിയാണ് എന്ന ചോദ്യം ഉയർന്നുവരുന്നു. ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും ജീവിതം മെച്ചപ്പെടുത്താനാണോ അതോ ഏതാനും കോർപ്പറേഷനുകളുടെ ലാഭം വർദ്ധിപ്പിക്കാനാണോ? തൊഴിലാളികളുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കുകയും വൻകിട കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന നയ സമീപനങ്ങൾക്കെതിരെ യുക്തിസഹവും ജനാധിപത്യപരവുമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്.

തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ല എന്ന ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. വികസനം എന്ന പദത്തെ കേവലം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയോ കോർപ്പറേറ്റ് ലാഭത്തിന്റെയോ കണക്കുകളിൽ ഒതുക്കാതെ മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യനീതിയിലൂന്നിയ സമ്പദ്വ്യവസ്ഥയായും നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെ ഔദാര്യമല്ല അത് തളികയിൽ വെച്ച് ആരും നമുക്ക് നീട്ടി തന്നതുമല്ല. മറിച്ച് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, തുടർന്നുള്ള കാർഷിക വ്യവസായ പ്രക്ഷോഭങ്ങൾ ഇവയുടെ എല്ലാം ഫലമായി ചോരയും നീരും നൽകി പൊരുതി നേടിയെടുത്തതാണ് എന്ന ചരിത്രസത്യം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് എന്ന ആശയത്തോടും നിർദ്ദേശക തത്വങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ക്ഷേമരാഷ്ട്ര സങ്കല്പത്തോടും നീതിപുലർത്തുന്നവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെട്ടു വന്ന തൊഴിൽ നിയമങ്ങൾ. എട്ടു മണിക്കൂർ ജോലി, മിനിമം വേതനം, ബോണസ്, ഇഎസ്‌ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ കൂട്ടായ വിലപേശലിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും നേടിയെടുത്തവയാണ്.

1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട്, 1948-ലെ ഫാക്ടറീസ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയവയെല്ലാം തൊഴിലാളിയെ വെറുമൊരു ഉൽപാദനോപാധിയായി കാണാതെ അവകാശങ്ങളുള്ള പൗരനായി അംഗീകരിക്കുന്ന നിയമനിർമ്മാണങ്ങൾ ആയിരുന്നു. മുതലാളിത്വത്തിന്റെ അതിരുകടന്ന ലാഭേച്ഛയുടെ മേൽ കടിഞ്ഞാണിടാനും സമ്പത്തിന്റെ നീതിയുക്തമായ വിതരണം ഉറപ്പാക്കാനും ഈ നിയമങ്ങൾ ഒരു പരിധിവരെ സഹായിച്ചിരുന്നു. പക്ഷേ 1990-കളിൽ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങൾ തൊഴിൽ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഈ നയങ്ങൾ പിന്നീട് വന്ന സർക്കാരുകൾ കൂടുതൽ തീവ്രമായും ആക്രമോത്സുകമായും നടപ്പിലാക്കി. ഈ നയങ്ങൾ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും മറ്റു പദ്ധതികളും രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കുന്നതിലേക്ക് നയിക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്ഥിരം നിയമനങ്ങൾക്ക് പകരം കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തൊഴിൽ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. തുല്യ ജോലിക്ക് തുല്യവേതനം എന്ന തത്വം കാറ്റിൽ പറത്തി ഒരേ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്കും കരാർ തൊഴിലാളിക്കും വ്യത്യസ്ത വേതനം നൽകുന്ന രീതി വ്യാപകമാകുന്നു. മാന്യമായ തൊഴിൽ എന്ന ലക്ഷ്യത്തിൽ നിന്ന് നമ്മെ അകറ്റുന്ന ഇത്തരം നടപടികൾ തൊഴിലാളിയുടെ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഈ നയങ്ങളുടെ തുടർച്ച എന്നോണം കേന്ദ്ര സർക്കാർ അവതരിപ്പിച്ച നാല് ലേബർ കോഡുകൾ തൊഴിൽ നിയമങ്ങളെ ലഘൂകരിക്കുന്നതിനേക്കാൾ ഉപരി തൊഴിൽ സുരക്ഷയിലും സേവന വ്യവസ്ഥകളിലും കാതലായതും പ്രതിലോമകരവുമായ മാറ്റങ്ങൾ വരുത്തുന്നവയാണ് എന്ന വിമർശനം വ്യാപകമാവുകയാണ്. തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിച്ചതുപോലെ നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ലഘൂകരിക്കാൻ എന്ന മട്ടിൽ തൊഴിലാളികളുടെ നിയമപരിരക്ഷകൾ എടുത്തുമാറ്റപ്പെടുകയാണ്. ഇത് ഗൗരവമായി കാണേണ്ടതാണ്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ജനാധിപത്യപരമായ ചർച്ചകൾ കൂടാതെ ഈ കോഡുകൾ പാസാക്കി എടുത്തു. ഇത് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ്.

ഇൻഡസ്ട്രി റിലേഷൻസ് കോഡ് എന്ന പേരിലുള്ള പുതിയ നിയമസംഹിതയിലെ വ്യവസ്ഥകൾ തൊഴിൽ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. ഇതിൽ ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് പിരിച്ചുവിടലിനുള്ള, അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100-ൽ നിന്ന് 300 ആയി ഉയർത്തി എന്നതാണ്. ഇതിനർത്ഥം രാജ്യത്തെ 90 ശതമാനത്തിലധികം ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനിമുതൽ തൊഴിലുടമകൾക്ക് സർക്കാർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാൻ ആകുമെന്നതാണ്. തൊഴിലുടമയുടെ ഇങ്കിതത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും തൊഴിലാളിയെ പറഞ്ഞുവിടാം. ഇത് ‘ഹയർ ആൻഡ് ഫയർ’ നയം നിയമവിധേയമാക്കുന്നതിന് തുല്യമാണ്. തൊഴിൽ സുരക്ഷ എന്നത് പഴംകഥയാകും.

ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് അഥവാ നിശ്ചിതകാല തൊഴിൽ കരാർ നിയമവിധേയമാക്കുന്നു. ഇത് സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കുന്നു. സ്ഥിരസ്വഭാവമുള്ള ജോലികളിൽ പോലും കരാർ നിയമനം അനുവദിക്കുന്നതിലൂടെ തൊഴിലാളികളെ നിരന്തരമായ ഭീഷണിയിൽ നിർത്താനും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്താനും സാധിക്കും. കരാർ കാലാവധി കഴിയുമ്പോൾ യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ലാതെ പിരിച്ചുവിടാം. കരാർ പുതുക്കിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ തൊഴിലാളികൾക്ക് ചൂഷണത്തിനെതിരെ ശബ്ദിക്കാൻ കഴിയാതെ വരും. ഒരു വർഷമോ രണ്ടു വർഷമോ കഴിഞ്ഞാൽ ജോലി ഉണ്ടാകുമോ എന്നറിയാത്ത ഒരു തൊഴിലാളിക്ക് എങ്ങനെയാണ് തന്റെ ഭാവി ആസൂത്രണം ചെയ്യാൻ കഴിയുക? പണിമുടക്കാനുള്ള അവകാശത്തെയും ഈ കോഡ് കർശനമായി നിയന്ത്രിക്കുന്നു.

പണിമുടക്കുന്നതിന് 16 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നത് നിർബന്ധമാക്കി. മാത്രമല്ല അനുരഞ്ജന ചർച്ചകൾ നടക്കുമ്പോഴും ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുമ്പോഴും പണിമുടക്ക് നിരോധിച്ചിരിക്കുന്നു. 50 ശതമാനത്തിലധികം തൊഴിലാളികൾ ഒരേ സമയം അവധിയെടുക്കുന്നത് പോലും പണിമുടക്കായി കണക്കാക്കും. ഫലത്തിൽ നിയമപരമായ പണിമുടക്ക് എന്നത് അസാധ്യമാക്കി മാറ്റുകയാണ്. തൊഴിലാളികളുടെ ഏക ആയുധമായ പണിമുടക്കിനെ ഇത്തരത്തിൽ വരിഞ്ഞു മുറുക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണ്. സൂപ്പർവൈസറി കപ്പാസിറ്റിയിൽ ജോലി ചെയ്യുന്ന 18,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരെ തൊഴിലാളി എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് അവർക്ക് ഇൻഡസ്ട്രി റിലേഷൻസ് കോഡിന്റെ പരിരക്ഷ നിഷേധിക്കുന്നതിന് കാരണമാകും. അതുപോലെതന്നെ ആശങ്കാജനകമാണ് വേതന കോഡ് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ. ഈ കോഡ് നിർദ്ദേശിക്കുന്ന ഫ്ളോർ വേജ് സമ്പ്രദായം ശാസ്ത്രീയമായ മിനിമം വേജ് നിർണയത്തെ അട്ടിമറിക്കാൻ സാധ്യതയുണ്ട്.

ജീവിതച്ചെലവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എന്നാൽ ജീവിത സൂചികകളും മറ്റു പ്രാദേശിക ഘടകങ്ങളും പരിഗണിക്കാതെ ഏകപക്ഷീയമായി ഫ്ളോർ വേജ് നിശ്ചയിക്കുകയാണ്. ഇത് തൊഴിലാളികളുടെ ക്രയശേഷിയെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാം. എട്ടു മണിക്കൂർ ജോലി ഒൻപത് മണിക്കൂർ വരെ ആക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ അതിനിടയിലുള്ള വിശ്രമവേളകൾ ജോലി സമയത്ത് കണക്കാക്കില്ല എന്നത് തൊഴിലാളികളെ കൂടുതൽ സമയം തൊഴിലിടങ്ങളിൽ തളച്ചിടാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ കോഡിന്റെ കാര്യമെടുത്താൽ എല്ലാവർക്കും സാമൂഹ്യ സുരക്ഷ എന്ന് കോഡ് അവകാശപ്പെടുന്നുണ്ട്. പക്ഷേ പ്രായോഗികതലത്തിൽ ഇത് നിലവിലുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ വ്യക്തതയില്ല.

നമ്മുടെ രാജ്യത്ത് തൊഴിലാളി സൗഹൃദ അന്തരീക്ഷം നഷ്ടപ്പെടാൻ ഇടയാക്കുകയാണ്. ഇതിനെ നല്ല രീതിയിൽ ചെറുത്തു പോകേണ്ടതായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തൊഴിലാളി കർഷക ഐക്യത്തിലൂടെയുള്ള ഒരു ജനാധിപത്യ പ്രതിരോധം ഈ ഘട്ടത്തിൽ അനിവാര്യമായിരിക്കുകയാണ്. ഈ പോരാട്ടം കേവലം ഒരു വിഭാഗത്തിന്റേത് മാത്രമല്ല മറിച്ച് വരും തലമുറയുടെ ഭാവിക്കും ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനും വേണ്ടിയുള്ളതാണ്. ആ പോരാട്ടവീര്യം ഉൾക്കൊണ്ട് കോർപ്പറേറ്റ്-വർഗീയ കൂട്ടുകെട്ടിനെതിരെ ഒന്നിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി കൂട്ടിചേർത്തു.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നീതി ആയോഗ് പോലും കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്ന് അംഗീകരിക്കാൻ നിർബന്ധിതമായിട്ടുണ്ട് എന്നും വ്യക്തമായ രാഷ്ട്രീയ ദർശനവും കൃത്യമായ വികസന കാഴ്ചപ്പാടും കേരളത്തെ വ്യത്യസ്തമാക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

എന്നാൽ ഈ നിർണായക ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പതിറ്റാണ്ടുകളായുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായി രൂപംകൊണ്ട 29 തൊഴിൽ നിയമങ്ങൾ വെറും നാല് തൊഴിൽ കോഡുകളിലേക്ക് ചുരുക്കിയിരിക്കുകയാണ്. വേതനം, തൊഴിൽ ബന്ധങ്ങൾ, സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ എന്നിങ്ങനെ നാല് വിഭാഗങ്ങളായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഒറ്റനോട്ടത്തിൽ നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇത് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ്.

കോഡ് ഓൺ വേജസ് വരുന്നതോടെ നിലവിലുള്ള 87 തൊഴിൽ മേഖലകളിലെയും മിനിമം വേതനം ഇല്ല. പകരം അൺസ്‌കിൽഡ് മുതൽ ഹൈലി സ്‌കിൽഡ് വരെ നാല് വിഭാഗങ്ങളായി തിരിച്ച് ശമ്പളം നിശ്ചയിക്കുന്നത് അപ്രായോഗികമാണ്. ഇത് തൊഴിൽ മേഖലയിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കും. ഇതിനെ നേരിടാൻ ആശുപത്രി, ഐ.ടി., മീഡിയ തുടങ്ങിയ മേഖലകളിൽ ഫെയർ വേജസ് നിയമം കൊണ്ടുവരുന്ന കാര്യം സംസ്ഥാനം ഗൗരവമായി ആലോചിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മുൻപ് 10 തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ ബോണസ് നിർബന്ധമായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് അത് 20 തൊഴിലാളികൾ എന്നാക്കി ഉയർത്തിയിട്ടുണ്ട്. ഇത് കാരണം ചെറിയ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ബോണസ് നഷ്ടമാകുന്ന അവസ്ഥയുണ്ട്. തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമാണ് പണിമുടക്ക്. എന്നാൽ പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം പണിമുടക്കുന്നതിന് 60 ദിവസം മുമ്പേ നോട്ടീസ് നൽകണം. ഇത് പ്രായോഗികമായി പണിമുടക്കുവാനുള്ള അവകാശം നിഷേധിക്കലാണ്.

300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സർക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാൻ ഉടമകൾക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉള്ള വിഷയമാണ്. ആ ഫെഡറൽ അധികാരം ഉപയോഗിച്ച് തൊഴിലാളികളെ സംരക്ഷിക്കുവാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുവാൻ ലേബർ ഓഫീസർമാർ നേരിട്ട് നടത്തുന്ന പരിശോധനകൾ കേരളത്തിൽ കർശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും പ്ലാറ്റ്ഫോം തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന പദ്ധതികളുമായി കേരളം മുന്നോട്ടു പോകും. കേന്ദ്രത്തിന്റെ ഫ്ളോർ വേജ് കേരളത്തിലെ ജീവിതച്ചെലവിനേക്കാൾ കുറവാണെങ്കിൽ നമ്മുടെ തൊഴിലാളികൾക്ക് അന്തസ്സായി ജീവിക്കുവാൻ ആവശ്യമായ ഉയർന്ന വേതനം സംസ്ഥാനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികളെ വെറും ലാഭം ഉണ്ടാക്കുവാനുള്ള യന്ത്രങ്ങളായിട്ടല്ല മറിച്ച് നാടിന്റെ സമ്പത്തായാണ് സംസ്ഥാന സർക്കാർ കാണുന്നത്. ലേബർ കോൺക്ലേവിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന കത്തുമായി വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾക്കൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിട്ടുകാണുകയും കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കുകയും ചെയ്യും. തൊഴിലാളികളെ ചേർത്തു നിർത്തിക്കൊണ്ട് കരുത്തുറ്റ നീക്കങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിന് എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണം. അതിനു നേതൃത്വം കൊടുക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ എന്നും മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇപ്പോൾ അതിദാരിദ്ര്യം നിർമാർജനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അതിദാരിദ്ര്യം തുടച്ചുനീക്കിയ ഒരു സംസ്ഥാനം എന്നത് ഈ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.

വളർച്ചയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് പ്രധാന ചോദ്യം. അത് ചുരുക്കം ചിലരിലേക്ക് മാത്രമാണോ അതോ സാധാരണക്കാരിലേക്ക് ആണോ എത്തുന്നത് എന്നത് പരിശോധിക്കണം. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ മുൻകൈ എടുത്ത സംസ്ഥാന തൊഴിൽ വകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ, ഐ.ഐ.ടി.യു.സി. ദേശീയ സെക്രട്ടറി അമർജീത് കൗർ, ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി സഞ്ജയ് കുമാർ സിംഗ്, സി.ഐ.ടി.യു. ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ, മുൻ മന്ത്രിയും ട്രെഡ് യൂണിയനിസ്റ്റുമായ എളമരം കരീം, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, നിയമ വകുപ്പ് സെക്രട്ടറി സനൽ കുമാർ കെ. ജി., KILE ചെയർപേഴ്‌സൺ കെ. എൻ. ഗോപിനാഥ്, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനകളുടെ ദേശീയ-സംസ്ഥാന ഭാരവാഹികൾ, നിയമവിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

രാജ്യത്ത് നിലവിൽ വന്ന 4 ലേബർ കോഡുകളുടെ പശ്ചാത്തലത്തിൽ, ഏതെല്ലാം വ്യവസ്ഥകൾ തൊഴിലാളികൾക്ക് അനുകൂലമായി ഉൾപ്പെടുത്തുവാൻ സംസ്ഥാന സർക്കാരിന് കഴിയും എന്ന് വിശദമായി പരിശോധിക്കുന്നതിന് സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് വേണ്ടി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റാണ് (KILE) കോൺക്ലേവ് സംഘടിപ്പിച്ചത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Leave a Comment

More News