തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മുന്നറിയിപ്പ്, ആത്മപരിശോധന നടത്താനും തിരുത്താനും ലഭിച്ച അവസരമായി ഇടതുമുന്നണി കണക്കാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും എണ്ണമറ്റ ജനക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും, പ്രതീക്ഷയ്ക്കൊത്ത് ജനങ്ങളെ മുന്നണിക്ക് അനുകൂലമാക്കാൻ കഴിയാത്തത് ഗൗരവപൂർവം കാണണം.
വിമർശനങ്ങളെ ശത്രുതയോടെയല്ല, സംയമനത്തോടെ കാണാൻ കഴിയണം. ജനങ്ങളുടെ ശബ്ദം, കേൾക്കാതെ പോകാനാവില്ല.
വലിയ പ്രതീക്ഷയോടെ ഭരണമേല്പിച്ച ഇടതുമുന്നണിയുടെ പല നിലപാടുകളിലും നടപടികളിലുമുള്ള ജനങ്ങളുടെ അവിശ്വാസവും, പോലീസിന്റെയും മുന്നണി പ്രവർത്തകരുടേയും അനാവശ്യ ഇടപെടലുകളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് ജനവിശ്വാസം നേടിയെടുക്കാനുള്ള കർമ്മ പദ്ധതികളാണ് മുന്നണിയിൽ നിന്നും സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. ശബരിമല പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ എല്ലാ വിഭാഗം വിശ്വാസികളിലും മുറിവേൽപ്പിച്ചിട്ടുണ്ട്. കുറ്റക്കാരെ മാറ്റിനിർത്തിയുള്ള കർശന നടപടികൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും ഉണ്ടാകണം.
സർക്കാർ ചിലരെ സംരക്ഷിക്കുന്നുവെന്ന പ്രചാരണവും അതുണ്ടാക്കിയ സംശയങ്ങളും ജനങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കുകയും സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം: ആനന്ദകുമാർ പറഞ്ഞു.
