ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ : കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആർജ്ജവത്തായ അനുഭവ സമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ നൽകിയ നാട്ടിൽ ഇപ്പോൾ അമർഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡൽ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകൾ, പാട്ടുകൾ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടൻ പാട്ടുകളുടെ പദസംവിധാനത്തിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം, വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയിൽ എത്തിയിരിക്കുന്നു.

ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുൻകാല എഴുത്തുകാരെപോലെ അക്ഷരങ്ങൾ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അർഥസംവേദനക്ഷമതയുള്ളതായിരുന്നു. കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ? കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ? അയ്യപ്പന്റെ സ്വർണ്ണം ആരൊക്കെ കൊണ്ടുപോയി? അനീതിക്കെതിരെ പാട്ടെഴു തിയത് എതിർപാർട്ടികൾക്ക് വളമായോ? കുറ്റവാളികളെ ശിക്ഷിക്കുന്നതും മിഥ്യാബോധങ്ങളുടെ മാറാല മാറ്റേണ്ടതും കോടതിയല്ലേ അല്ലാതെ നാടൻ പാട്ടുകാരാണോ?

ഇപ്പോൾ കേരളത്തിൽ കാണുന്ന അയ്യപ്പ നാടൻ പാരഡി തുള്ളൽ പാട്ടുകൾ കണ്ടാൽ ഓർമ്മ വരിക കൊല്ലവർഷം 883-ൽ ജീവിച്ചിരുന്ന മഹാകവി കുഞ്ചൻ നമ്പ്യാരുടെ സംഭാവ നയായ തുള്ളലാണ്. ആരെയും ചിരിപ്പിക്കുന്ന ഹാസ്യരസപ്രധാനമായ ഒരു ദൃശ്യകലയാണ് തുള്ളൽ. ഇപ്പോഴുള്ള തുള്ളൽ പാട്ട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഒരു പാരഡി പാട്ടായി ഏറ്റെടുത്തു് ചാക്യന്മാരുടെ ചാക്യാർക്കൂത്തായി മാറ്റിയിരിക്കുന്നു. പത്താം ശതകത്തിലാണ് തുള്ളൽ സാഹിത്യത്തിന്റെ ആരംഭം. കല്യാണ സൗഗന്ധികം, ശീതങ്കൻ തുള്ളലാണ് തുള്ളൽ സാഹിത്യത്തിലെ ആദ്യ കൃതികൾ. തുള്ളലിന്റെ വൃത്തം തരംഗിണിയാണ്. ഇന്നത്തെ നാടൻ പാട്ടുകൾക്ക് തരംഗം മതി കാവ്യസൗന്ദര്യമോ ഫലിതമോ ഒന്നും വേണ്ട. സർഗ്ഗ പ്രതിഭകളായ കവികൾക്ക് കുഞ്ചൻ നമ്പ്യാരുടെ സൗരഭ്യമുണ്ട്. ‘മുല്ലപൂമ്പൊടിയേറ്റു കിടക്കും, കല്ലിനുമുണ്ടാമൊരു സൗരഭ്യം’.

പണപ്പെട്ടി തുറന്നിരിന്നാൽ, കയ്യിൽ കിട്ടിയാൽ കക്കാത്തവനും കക്കുന്ന കാലമാണ്. നിയമപാലകർ പാരഡി പാടിയവരുടെ ആശയപരമായ ഉള്ളടക്കത്തേക്കാൾ അവരുടെ സാംസ്‌കാരിക മണ്ഡലം പരിശോധിക്കാനുള്ള ശ്രമത്തിലാണ്. ആ കൂട്ടത്തിൽ അധ്വാനഫല ത്തേക്കാൾ കുഴൽപ്പണമുന്നേറ്റവും പരിശോധിക്കണം. ഇപ്പോൾ കാണുന്ന കാഴ്ചകൾ ഏതോ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഉലയിൽ ഒരുക്കിയെടുത്ത ആയുധ അമ്പുകളായി ഓരോരു ത്തരിലും തറയ്ക്കുന്നു. പരസ്പരം പഴിചാരുന്നു. കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ ഇവിടെ കോട തികളില്ലേ? കോടതി വിധി വന്നതിന് ശേഷം അധിക്ഷേപവും വ്യക്തിഹത്യയും വിപുലമായി നടത്താമെല്ലോ. ഉപ്പുതൊട്ട് കർപ്പൂരംവരെ വിറ്റുതിന്നുന്നവർ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടുപഠിക്കണം എന്നിട്ട് ചോദിക്കണം എന്നെ കണ്ടാൽ കിണ്ണം കട്ടെവനെന്നു തോന്നുമോ?

മഹാകവി കുഞ്ചൻനമ്പ്യാർക്കൊപ്പം പ്രമുഖ കവി ചെമ്മനം ചാക്കോയും പരിഹാ സസ്ത്രങ്ങൾ തൊടുത്തുവിട്ട് കപട മുഖങ്ങളെ വലിച്ചുകീറി അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്. ചങ്ങമ്പുഴ കവിതകൾക്കെതിരെ പാരഡി പാട്ടുകളുണ്ടായിട്ടുണ്ട്. ചങ്ങമ്പുഴയും എത്രയോ എഴുത്തുകാരെ പരിഹസിച്ചു് എഴുതിയിട്ടുണ്ട്. വള്ളത്തോൾ ‘ബന്ധസ്ഥനായ അനിരുദ്ധൻ’ എഴുതിയപ്പോൾ പണ്ഡിത കവി കെ.പണിക്കർ പരിഹാസ രൂപത്തിൽ ‘ബന്ധമുക്തനായ അനിരുദ്ധൻ’ എഴുതി പ്രതികാരം തീർത്തു. മുൻ മുഖ്യമന്ത്രി മാരായിരുന്ന കരുണാകരന്റെ കാർ യാത്ര, നീന്തൽ കുളം, സരിതയെ ചേർത്ത് ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ കള്ള പാരഡി പാട്ടുകൾ രാഷ്ട്രീയക്കാർ ആസ്വദിച്ചിട്ടില്ലേ? സ്വാകീ യമായ കാവ്യ ഭാഷ രചിക്കാനറിയാത്തവർ ആധുനിക വീണക്കമ്പികളിലുരസി വിചിത്ര രമണീയങ്ങളായ നാടൻപാട്ടുകൾ മനസ്സിന്റെ താളത്തിനൊപ്പിച്ചു് സ്വച്ഛന്ദമായി എഴുതി പാടുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? അതിൽ വ്യക്തിഹത്യയും അധിക്ഷേപങ്ങളു ണ്ടെങ്കിൽ കോടതിയെ സമീപിച്ചുകൂടെ? അതിനെ സുന്ദരമെന്നോ ശാലീനമെന്നോ സർഗ്ഗധനർ വിശേഷിപ്പിക്കാറില്ല. നേരിൽ കണ്ടത് എഴുതുന്നത് സാഹിത്യമല്ല അത് വെറും വാർത്തയാണ്. പാട്ടുകാർ അത് നാടൻ പാട്ടുകളായി പാടുന്നു. നാട്ടുകാർ ആസ്വദിക്കുന്നു. കലാഭവൻ മണിയെ പോലെ ഈരടികൾ ഗംഭീരമായി പാടി അവതരിപ്പിച്ചപ്പോൾ പരാതി ഉയർന്നിട്ടില്ല. ആ പാട്ടുകളിൽ ഹാസ്യം, ഫലിതമുണ്ട്. വ്യക്തികൾക്ക് നേരെ അധിക്ഷേപങ്ങൾ നടത്തിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ സമൂഹത്തിന്റെ ജീർണ്ണതകളെ അനവദ്യസു ന്ദരമായ അനുഭൂതിയിൽ എഴുതാറുണ്ട്, ഇവിടെ ആരാണ് ഇരകളായി മാറുന്നത്?.

സാമൂഹ്യ വിമർശനം ഇന്ന് തുടങ്ങിയതല്ല. സാമൂഹ്യ തിന്മകൾ, വൈകൃതങ്ങൾ, സന്മാ ർഗ്ഗികാധഃപതനം കണ്ടാൽ പരിഹാസത്തിലൂടെ, ഫലിതത്തിലൂടെ സൂക്ഷ്മമായി പഠിച്ചു് ഹാസ്യാത്മകമായി, കാവ്യാത്മകമായി അവതരിപ്പിക്കും. അവിടെ വിഷയത്തിന്റെ കാവ്യപരി ണാമവിതാനവുമായി എഴുത്തുകാരൻ ഏറ്റുമുട്ടുകയാണ്. അവിടെ ആരുടെയും പ്രത്യയ ശാസ്ത്രമോ വ്യക്തിബന്ധങ്ങളോ ലൗകികമോഹങ്ങളോ സമൂഹത്തോട് കടപ്പാടുള്ള ഒരു എഴുത്തുകാരനും നോക്കാറില്ല. കടിഞ്ഞാണില്ലാത്ത കുതിര എവിടേയും പായും പോലെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന പല നാടൻ പാട്ടുകൾ മനുഷ്യബന്ധങ്ങളെ കലഹത്തിന് പ്രേരിപ്പിക്കുന്നതും പരസ്പര വിധ്വേഷം വളർത്തുന്നതുമാണ്. ഇതൊക്കെ എഴുതുന്നവർ നാടിന്റെ ശ്രേയസ് തിരിച്ചറിയണം. വലിയ തൂക്കവും ഉയരവുമുള്ള ആനയെ പാപ്പാൻ ഭയക്കുന്നില്ല. അതുപോലെ കാലത്തിന്റെ നാഡിസ്പന്ദനങ്ങളെ തിരിച്ചറിയുന്ന എഴുത്തുകാർ, വിമർശകർ, നിരൂപകർ ആരെയും ഭയക്കാറില്ല. നമുക്ക് നമ്മുടെ ചെവി കാണാൻ പറ്റാത്തതുപോലെ നമ്മുടെ നാവിൽ നിന്ന് വരുന്ന വാക്കുകൾ ഗൗരവമായി കാണാറില്ല. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും പറയാം എന്തും പാടാം എന്നായിരിക്കുന്നു. കാവ്യഭാഷ അമ്മയുടെ മുലപ്പാലിന് തുല്യമാണ്. ആ പ്രതിഭാശക്തിയുടെ സ്രോതസ്സുള്ളവർ മറ്റുള്ളവരെ വേദനിപ്പിക്കുന്നവരല്ല ആശ്വസിപ്പിക്കുന്നവരാണ്. ആ പ്രക്രിയയുടെ അണിയറയിലേക്ക് എത്ര എഴുത്തുകാർ കടന്നുവരുന്നു?

സാധാരണക്കാർക്ക് പാടാനും രസിക്കാനും ഒരു ശബരിമല സ്വർണ്ണക്കൊള്ള പോലുള്ള ധാരാളം പാരഡി നാടൻ പാട്ടുകൾ പല പേരിൽ ഇറങ്ങിയിട്ടുണ്ട്. അവയിൽ പലതും ജന ഹിതമായി മാറുമെങ്കിലും സാഹിത്യത്തിൽ ഒരു ചലനവുമുണ്ടാക്കാനാകില്ല. എഴുത്തുകാരുടെ, ചിത്രകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ കത്രികയുടെ ആവശ്യമില്ല. പേടിച്ചാൽ ഒളിക്കാൻ ഇടം കിട്ടില്ല. ദൈവങ്ങളെ വിമർശിച്ചാൽ ദൈവ നിന്ദ, മത നിന്ദ, മതസ്പർദ്ധ തുടങ്ങിയ പേരുകളിലൂടെ നടത്തുന്ന ഹിംസയും അക്രമവും മതവികാരത്തെ ഇളക്കിവിടുന്ന അധികാരക്കൊതിയന്മാരുടെ സ്വാർത്ഥ താത്പര്യമെന്ന് തിരിച്ചറിയുക. അവരുടെ ഗൂഢലക്ഷ്യം വർഗ്ഗിയത വളർത്തി വോട്ട് പെട്ടി നിറയ്ക്കുകയാണ്. കലാസാഹിത്യ രംഗത്തുള്ള നല്ലൊരു വിഭാഗം എഴുത്തുകാരും ആരുടേയൂം അടിമകളല്ല. അടിമകളെ തീറ്റിപോറ്റുന്നവരിൽ നിന്ന് പലതും പ്രതീക്ഷിക്കാം. അവർക്ക് കോടതിയെപോലും ഭയമില്ല. വ്യക്തിയോട്, സ്ഥാപന ങ്ങളോടല്ല അമർഷം കാട്ടേണ്ടത്, അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന് ആരാണ് മുറിവേൽ പ്പിച്ചത്, അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കോടതികളെ സഹായി ക്കുകയാണ് വേണ്ടത്. ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നത് യാഥാർഥ്യമാണ്. പാരഡി പാട്ടിൽ പറയുന്നതുപോലുള്ള ആചാര ലംഘനങ്ങൾ അവിടെ നടന്നിട്ടില്ല.

ലോകമെങ്ങുമുള്ള മത ദൈവങ്ങളെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു പാട്ടിലോ, ചിത്ര രചനയിലോ, കൃതിയിലോ, ശില്പത്തിലോ ഒലിച്ചുകളയാൻ സാധിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണ്. അതിനെ മതമൗലികവാദികൾ ചൂഷണം ചെയ്യുന്നത് നീതിബോധമുള്ള ഭരണാധികാരികൾ, മതഭക്തർ തിരിച്ചറിയണം. പൊതുതാല്പര്യങ്ങൾക്കപ്പുറം വർഗ്ഗ താല്പര്യങ്ങൾ കണ്ടാൽ എഴുത്തുകാർ അവരുടെ തൂലിക മിനുക്കി യെടുക്കുന്ന ലോക ചരിത്ര സത്യം മറക്കരുത്. സത്യം തുറന്നെഴുതുന്നവരെ ഭീഷണിപ്പെടുത്തുന്ന അധികാരകേന്ദ്രങ്ങൾ കൈവിട്ട കല്ലും വാവിട്ട വാക്കുപോലെയായി ജനം കൈവിടുമെന്നോർക്കുക.

Leave a Comment

More News