സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്ക്കും. (സങ്കീർത്തനങ്ങൾ 112:3)
ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് .
ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു.
ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ ദേവാലയത്തിന്റെ തിരശീലക്കു പിന്നിൽ പോയി പൊട്ടിക്കരഞ്ഞു. അന്നത്തെ യോഗം ഒരു തീരുമാനവും എടുക്കാതെ പ്രസിഡണ്ട് പിരിച്ചുവിട്ടു,
യോഗയിലൂടെയും, നിത്യ വ്യായാമത്തിലൂടെയും ഈ പ്രശ്നക്കാരൻ തന്റെ ശരീരം വളരെ ഭംഗിയോടെ പരിപാലനം ചെയ്തുപോരുന്ന ഒരുവനായിരുന്നു. കാഴ്ച്ചയിലും ഇടപാടുകളിലും വളരെ സൗമ്യൻ. പള്ളിയിൽ വരുമ്പോൾ മാത്രമാണ് പ്രശ്നക്കാരനായി മാറുന്നത്.
വ്യായാമം കഴിഞ്ഞു ഉറങ്ങുവാൻ കിടന്നു. അരോഗദൃഢഗാത്രനായ ആ മനുഷ്യന് മൂത്രമൊഴിക്കുവാന് മുട്ടുന്നു. പക്ഷെ മൂത്രം ഒഴിക്കുവാൻ സാധിക്കുന്നില്ല. അടിവയറ്റിൽ അസഹ്യയമായ വേദന, മൂത്രമൊഴിക്കുവാനുള്ള അമിതമായ തോന്നൽ. പക്ഷെ നടക്കുന്നില്ല. നഴ്സ് ആയ ഭാര്യ അറിയാവുന്ന പണികളൊക്കെ നോക്കി, നടന്നില്ല. അസ്വസ്ഥതയുടെ കരിനിഴൽ ആ മുഖത്ത് തെളിയുന്നുണ്ടായിരുന്നു.
ഭാര്യ ആംബുലൻസ് വിളിച്ചു അടുത്ത ഹോസ്പിറ്റലിലെ എമർജൻസി യൂണിറ്റിലേക്ക് പോയി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും ഏവർക്കും ആശ്വാസമായി.
സ്പെഷ്യലിസ്റ്റ് റൂമിലെത്തി രോഗിയെ പരിശോദിച്ചു. മൂത്രം പോകുവാനുള്ള മരുന്നുകൾ കുത്തിവെച്ചു, എന്തൊക്കെ ചെയ്തു എന്ന് എനിക്ക് വൈദ്യശാസ്ത്രപരമായി പറയുവാനറിയില്ല. വൈദ്യ തന്ത്രങ്ങൾ ഒക്കെ പരാജയപ്പെട്ടു. ഡോക്ടർ രോഗിയോടു മനസ്സിന് ഷോക്കേറ്റ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായോ? എന്ന് അന്വേഷിച്ചു.
പെട്ടെന്നായിരുന്നു രോഗിയുടെ പ്രതീകരണം. ഞാൻ എന്റെ വികാരിയെ മാനസികമായി വേദനിപ്പിച്ചു. എനിക്ക് അദ്ദേഹത്തോട് മാപ്പു പറയണം.
രോഗിയുടെ ഭാര്യ ഇടവക വികാരിയെ വിളിച്ചു. അച്ചാ ഭർത്താവ് ആശുപത്രിയിലാണ്. അസമയത് വിളിച്ചതിൽ ക്ഷമിക്കണം. അദ്ദേഹത്തെ തൊട്ടു പ്രാർത്ഥിക്കുവാൻ ഇത്രടം വരാമോ?
ഒരു ആട്ടിടയന് ഒരു കുഞ്ഞാട് നഷ്ടമായാലുള്ള വേദന ആ ദൈവദാസന്റെ മനസ്സിൽ അലതല്ലി, ഏതാണ്ട് രാവിലെ രണ്ടു മണി. നല്ല ഉറക്കത്തിന്റെ സമയം, പെട്ടെന്ന് മുഖം കഴുകി തിരുവസ്ത്രം ധരിച്ചു എല്ലാം മറന്നു ആ കുഞ്ഞാടിന്റെ സമീപത്തേക്കു പോയി.
ഡോക്ടർ കൊടുത്ത ഇഞ്ചക്ഷന് എല്ലാം ആ ശരീരം തള്ളികളഞ്ഞ വിധത്തിലായിരുന്നു രോഗിയുടെ അവസ്ഥ. ഇടവക വികാരി സമീപത്തെത്തി. വികാരിയെ കണ്ട ഉടനെ എന്നോട് ക്ഷമിക്കണം എന്ന് കരഞ്ഞപേക്ഷിച്ചു.
ആ ദൈവദാസൻ രോഗിയുടെ വലതു കൈയിലെ ചൂണ്ടു വിരലിൽ പിടിച്ചു കൊണ്ട് കരഞ്ഞു പ്രാർത്ഥിച്ചു. അച്ചൻ പ്രാർത്ഥിച്ച ശേഷം തിരികെ പോയി.
പെട്ടെന്നായിരുന്നു ആ അത്ഭുതം. വൈദശാസ്ത്രം പരാജയപ്പെട്ട ആ രോഗിയുടെ മേൽ ദൈവം പ്രവർത്തിച്ചു. അദ്ദേഹം മൂത്രം ഒഴിച്ചു, മിനിറ്റുകൾ കഴിഞ്ഞു ഹോപിറ്റലിൽ നിന്നും ഡിച്ചാർജ് ചെയ്തു.
എന്റെ പ്രിയപ്പെട്ട വായനക്കാരെ, ദൈവ വേലക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ദൈവ ദാസന്മാരെ വേദനിപ്പിക്കരുത്. അവരെയൊക്കെ നിങ്ങളുടെ മക്കളായോ, സഹോദരനായോ, ഒരു നല്ല ഫ്രണ്ടായോ കാണണം. സ്നേഹിക്കണം, ബഹുമാനിക്കണം.
കഴിഞ്ഞ ചില വർഷങ്ങളായി അമേരിക്കയിലെ മിക്ക ഇടവകകളിൽ കണ്ടുവരുന്നത് ഇടവക ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന മാറായുടെ അനുഭവമാണ്. ഇത്തരം കയ്പ്പേറിയ അനുഭവങ്ങളെ മാറ്റിയെടുക്കാവാൻ ആരും തന്നെ മെനക്കെടുന്നില്ല. രണ്ടോ മൂന്നോ പള്ളി കൃമികൾ നടത്തി വരുന്ന ഗ്രുപ്പ് താണ്ഡവം നിഷ്കളങ്കരായ ഇടവക ജങ്ങളിൽ വിഷം കുത്തി വെയ്ക്കുന്നു. ഒരു പരിധി വരെ അവരുടെ ആഗ്രഹങ്ങൾ സാധിച്ചെന്നും വരാം. ഇടവക ജനങ്ങളെ ഭിന്നിപ്പിക്കുന്നു. നുണ പ്രചാരണങ്ങൾ നടത്തി മത മേലധ്യക്ഷന്മാരെ പോലും അവരുടെ ശിൽപിടിയിലാക്കും. സഭ വളർത്തേണ്ടേ? ഇതുപോലെയുള്ള വൃത്തികെട്ടവരുടെ പണമാണ് സഭയുടെ പ്രധാന വരുമാനം.
ഞാൻ എന്റെ സഭയുടെ മണ്ഡലം മീറ്റിംഗിൽ ചെന്നപ്പോൾ ഇരുപ്പിടങ്ങളിലും സംസാര അഭിപ്രായ വേദിയിലും മുന്നിടങ്ങളിൽ കണ്ടത് അബ്കാരി ബിസ്സുനസുകാർ, നാടിനു ശാപമായി മാറിയ പെണ്ണ് പിടിയന്മാർ, കുത്തക മുതാളിമാർ എന്നിവരെ ഒക്കെ ആയിരുന്നു. സഭ നേതൃത്വത്തിന് ഇവരെക്കൊണ്ട് പലവിധ കാര്യ സാധ്യവും നടത്തുവാനുണ്ടു പോലും.
ഞാൻ പറഞ്ഞു വരുന്നത് ഇന്ന് സഭയിലും ഇടവകളിലും മാറായുടെ അനുഭവങ്ങൾ കാണാൻ സാധിക്കും.ഇതിന്റെ എല്ലാം പിന്നിൽ വിരലിൽ എണ്ണാവുന്നവരുടെ സ്വാധീനം ആണ് പ്രതിഫലിക്കുന്നത്.
എന്നെ പഠിപ്പിച്ച അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ ഇടവകളിൽ അരാജകത്വം സൃഷ്ടിക്കുന്നവരുടെ അന്ത്യം ശോചനപരമായിരിക്കും. നഷ്ടങ്ങളുടെ ഭീമമായ ചുമടുകളുമായുള്ള യാത്രയായിരിക്കും ഇത്തരക്കാരുടെ അന്ത്യനാളുകൾ.
പണത്തിന്റെ കൊഴുപ്പിൽ അഹങ്കരിക്കുന്നവർ ഒരു നിമിഷം ചിന്തിക്കണം.ദൈവ സന്നിധിയിൽ നീ ഒന്നുമല്ല. പണക്കാരനും ദരിദ്രനും എല്ലാം ഒരുപോലെ ആണ്. ഒരു ദരിദ്രനെ കോടീശ്വരനാക്കുവാൻ ദൈവത്തിനു കഴിയും. അതുപോലെ മറിച്ചും ചിന്തിച്ചു കൊള്ളുക.
ഈ ക്രിസ്തുമസ് അവധിക്കാലത്തു നാം എടുക്കേണ്ട പ്രതിജ്ഞ ഇതായിരിക്കണം.സമൂഹത്തിൽ പ്രത്യേകിച്ച് ഇടവകയിൽ മാറായുടെ അനുഭവം സൃഷിക്കുന്നവരെ തിരിച്ചറിയണം: അവരെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റണം.
ഇന്ന് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മാറാ/കയ്പ്പിന്റെ അനുഭവം മാറ്റി സന്തോഷത്തിന്റെയും സമാധാനത്തിന്റേയും പങ്കാളികൾ ആയി മാറുവാൻ ഞാൻ ആശംസിക്കുന്നു.
