പാലക്കാട്: പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനെതിരെ ആക്രമണം നടത്തിയ ബി.ജെ.പി പ്രവർത്തകർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ ആവിശ്യപ്പെട്ടു.
ക്രിസ്തുമസ്സിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അധിവസിക്കുന്ന നമ്മുടെ നാട്ടിൽ പരസ്പര സഹകരണത്തോടുകൂടിയാണ് ആഘോഷങ്ങളെല്ലാം നടത്താറുള്ളത്. മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങൾ കൂടിയാണ് ആഘോഷങ്ങൾ . എന്നാൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ സംഘ്പരിവാർ പ്രവർത്തകർ നിരന്തരം ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
2024 ഡിസംബറിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെസംഘ്പരിവാർ പ്രവർത്തകർ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.
2025 ലും പുതുശ്ശേരിയിൽ അത് ആവർത്തിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളേയും ഉടൻ അറസ്റ്റ് ചെയ്യണം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ അതിഥി തൊഴിലാളിക്കെതിരെ ആൾക്കൂട്ട കൊലപാതകം നടത്തിയിരിക്കുകയാണ്.
ജില്ലയിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ സ്വഭാവമുള്ള ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് മേലാധികാരിയും തയ്യാറാവണം. ജില്ലയുടെ ക്രമസമാധാനം തകർക്കാനുള്ള സംഘ്പരിവാർ നീക്കത്തിനെതിരെ അധികൃതരും ജനങ്ങളും ജാഗ്രത പുലർത്തണമെന്നും കെ സി നാസർ കൂട്ടിച്ചേർത്തു.
