എഡ്മിന്റൻ : കാനഡയിലെ എഡ്മന്റണിലെ വിവിധ കേരളാ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) അതിന്റെ പത്താം വാർഷികത്തിന്റെ നിറവിൽ. 2015-ൽ കേരളത്തിലെ ഏഴ് അപ്പസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഡ്മന്റണിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, വിശ്വാസികളുടെ വളർച്ച ലക്ഷ്യമാക്കി വർഷംതോറും സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളും ക്രിസ്മസ് സംഗമങ്ങളും എഡ്മിന്റൻ മലയാളികളുടെ പ്രവാസി ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം ‘ക്രിസ്ബെൽസ് 2025 ‘ ഡിസംബർ 26-ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്‌കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും, അതോടൊപ്പം ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും. എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം നൽകും.
വാർഷികാഘോഷത്തോടനുബന്ധിച്ച്, വിവാഹജീവിതത്തിൽ സുവർണ്ണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. ദാമ്പത്യജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ദമ്പതികൾക്ക് നൽകുന്ന ഈ ആദരവ് ഇത്തവണത്തെ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
എഡ്മിന്റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി ഫാ. സെറാ പോൾ, ട്രഷറർ ഫാ. മാത്യു പി. ജോസഫ്, കൺവീനർ ഡീക്കൺ തോമസ് കുരുവിള എന്നിവർ അറിയിച്ചു.

