തിരുവനന്തപുരം: വർക്കലയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഏറ്റെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറെ വർക്കല പോലീസ് ആർപിഎഫിന് കൈമാറി. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും അപകടകാരണം അന്വേഷിക്കുകയും ചെയ്യും.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇന്നലെ രാത്രി 10 മണിയോടെ വർക്കല അകത്ത് മുറി റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഓട്ടോ ഡ്രൈവർ മദ്യപിച്ചിട്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. റോഡാണെന്ന് തെറ്റിദ്ധരിച്ച് വാഹനം പ്ലാറ്റ്ഫോമിലേക്ക് കയറ്റിയതാണ് അപകട കാരണമെന്ന് പോലീസ് പറാഞ്ഞു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഓട്ടോ ഡ്രൈവര്‍ കൊല്ലം സ്വദേശിയായ സുധിയാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
