തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനോട് അദ്ദേഹം വാടക കൊടുക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്ന് ഈയ്യിടെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ഇപ്പോള്‍ ബിജെപിക്ക് തലവേദനയായി. ചുമതലയേറ്റതിന്റെ രണ്ടാം ദിവസം ശ്രീലേഖ സ്വീകരിച്ച നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കോർപ്പറേഷൻ കെട്ടിടത്തിലുള്ള പ്രശാന്ത് എം എല്‍ എയുടെ വാടക ഓഫീസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. സി.പി.എമ്മാകട്ടേ അവരുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
കോർപ്പറേഷനു വാടക നൽകുന്ന കെട്ടിടം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ശ്രീലേഖ എന്ത് അധികാരത്തിന്റെ പേരിലാണ് ആവശ്യപ്പെട്ടതെന്നാണ് പ്രധാന ചോദ്യം. ബിജെപിക്കോ ശ്രീലേഖയ്‌ക്കോ ഇതിന് ഉത്തരം നൽകാൻ കഴിയില്ല.
സൗഹൃദത്തിന്റെ പേരിലാണ് ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ടതെന്നാണ് ശ്രീലേഖ പറയുന്നത്. പ്രശാന്തിനെ നേരിട്ട് കണ്ട് വിവാദം തണുപ്പിക്കാൻ ശ്രീലേഖ ശ്രമിച്ചെങ്കിലും, അതിനു മുമ്പേ തന്നെ സിപിഎം ഈ വിഷയം ഒരു രാഷ്ട്രീയ വിവാദമാക്കി മാറ്റിയിരുന്നു. പാർട്ടിയുമായി ആലോചിക്കാതെ ശ്രീലേഖ എടുത്ത തീരുമാനം ബിജെപി നേതൃത്വം അതൃപ്തരാണെന്നാണ് റിപ്പോർട്ട്.
