ആലപ്പുഴ: പക്ഷിപ്പനി വ്യാപകമായതിനെത്തുടര്‍ന്ന് ആലപ്പുഴയിൽ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു. ഹോട്ടലുകളിലെ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിതരണവും നിർത്തിവച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതായി ഹോട്ടലുടമകൾ ആരോപിച്ചു.
ഇതിനെതിരെ ഹോട്ടലുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എഫ്എസ്എസ്എഐയുടെ നടപടി മുന്നറിയിപ്പില്ലാതെയായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. ആലപ്പുഴയിൽ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ, അവയുടെ മുട്ട, മാംസം, കാഷ്ഠം (വളം), ശീതീകരിച്ച മാംസം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം, വിൽപ്പന, കടത്ത് എന്നിവ ഒരു ആഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്. നിരീക്ഷണ മേഖലയിലുള്ള പഞ്ചായത്തുകളുടെ പരിധിയിൽ, പക്ഷികളെ കൊല്ലുന്ന പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് നിരോധനം.
