സ്റ്റാഫോർഡ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലെ നേർക്കാഴ്ച പത്രത്തിന്റെ ഓഫീസിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഹാര്‍വെസ്‌റ് ടിവി നെറ്റ് വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ആയ ഫിന്നി രാജു ഹൂസ്റ്റണ്‍ ആണ് പുതിയ പ്രസിഡണ്ട്. IPCNA ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ ട്രഷററും നാല് വര്‍ഷത്തോളം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള ഫിന്നി, പ്രയർ മൗണ്ട് മീഡിയയുടെ ഡയറക്ടര്‍ കൂടിയാണ്. അമേരിക്കയിലെ മാധ്യമ യുവനിരയിലെ പ്രമുഖനും വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യവുമായ ഫിന്നി രാജു, ഹൂസ്റ്റണ്‍ ചാപ്റ്ററിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജീമോന്‍ റാന്നി ഓണ്‍ലൈന്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നു. മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് അംഗം കൂടിയായ ജീമോന്‍ റാന്നി, സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമാണ്. മികവുറ്റ സംഘാടകനും പ്രസംഗകനുമായ അദ്ദേഹത്തിന് മാധ്യമ രംഗത്തെ സേവനങ്ങള്‍ക്കായി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ട്രഷറര്‍: വിജു വര്‍ഗീസ് (മലയാളി എന്റര്‍ടെയിന്‍മെന്റ് – സി.ഇ.ഒ)
വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു കൈരളി ടി.വി ഹൂസ്റ്റണ്‍ ബ്യൂറോ ചീഫാണ്. പ്രശസ്ത ഫോട്ടോഗ്രാഫറുമായ അദ്ദേഹം നിരവധി ഡോക്യൂമെന്ററികള്‍, ഷോര്‍ട്ട് ഫിലിമുകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവയുടെ സംവിധായകനുമാണ്.
മറ്റു ഭാരവാഹികൾ:
ജോയിന്റ് സെക്രട്ടറി: ഡോ. റെയ്ന റോക്ക് (ദക്ഷിണ്‍ റേഡിയോ – ആർ.ജെ)
ജോയിന്റ് ട്രഷറര്‍: സജി പുല്ലാട് (നേർക്കാഴ്ച – അസോസിയേറ്റ് എഡിറ്റര്‍)
സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സൈമൺ വാളാചേരിൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി മോട്ടി മാത്യു വാർഷിക റിപ്പോർട്ടും, ട്രഷറർ അജു വാരിക്കാട് വാർഷിക കണക്കും അവതരിപ്പിച്ചു. ജോയി തുമ്പമൺ, അനിൽ ആറന്മുള, അജു വാരിക്കാട്, ജോയിസ് തോന്നിയാമല, ജിജു കുളങ്ങര, ജോർജ് പോൾ, ജോർജ് തെക്കേമല, മൈക്കിൾ ജോയ് (മിക്കി), സൈമൺ വാളാചേരിൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
