ഭാരതീയ സാക്ഷ്യ അധിനിയമം 2023 ലെ വകുപ്പ് 26(a) പ്രകാരമുള്ള മരണമൊഴി (Dying Declaration) യുടെ നിയമ സാധുതകൾ
I. മരണമൊഴി (Dying Declaration) എന്ന ആശയത്തിന് ക്രിമിനൽ ന്യായവ്യവസ്ഥയിൽ അതുല്യമായ സ്ഥാനമാണ് ഉള്ളത്. മറ്റൊരാൾ പറഞ്ഞോ കേട്ടോ ആയ hearsay തെളിവുകൾ പൊതുവെ അംഗീകരിക്കപ്പെടില്ല എന്ന നിയമത്തിന് ഉള്ള ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ഒഴിവുകളിൽ ഒന്നാണ് മരണമൊഴി.
മരണത്തിന്റെ വക്കിലെത്തിയ ഒരാൾ കള്ളം പറയാൻ സാധ്യത വളരെ കുറവാണ് എന്ന ഒരു പൊതു ധാരണയിലാണ് ഈ സിദ്ധാന്തം ആധാരമാക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായ പരിശോധനകൾ അതിജീവിച്ച ഈ സിദ്ധാന്തം ഇന്നും ക്രിമിനൽ വിചാരണകളിൽ നിർണ്ണായകമായ ഒരു തെളിവ് ഉപാധിയായി അംഗീകരിക്കപ്പെടുന്നു.

1872 ലെ ഇന്ത്യൻ തെളിവെടുപ്പ് നിയമത്തിലെ 32 (1) വകുപ്പ് പറഞ്ഞിരുന്ന ഈ നിയമം ഇന്ന് 2023 ലെ ഭാരതീയ സാക്ഷ്യ അധിനിയമം, (BSA) നിലവിൽ വന്നിട്ടും, മരണമൊഴിയുമായി ബന്ധപ്പെട്ട നിയമത്തിന്റെ സാരാംശം സെക്ഷൻ 26(a) വഴി പാർലമെന്റ് ശക്തമായി നിലനിർത്തിയിട്ടുണ്ട്. നിയമത്തിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇന്ത്യൻ തെളിവെടുപ്പ് നിയമം 1872 ലെ സെക്ഷൻ 32(1) പ്രകാരം രൂപപ്പെട്ട ന്യായതത്വങ്ങളും വ്യാഖ്യാനങ്ങളും ഇപ്പോഴും പൂർണ്ണമായും നിലനിൽക്കുന്നു. അതിനാൽ തന്നെ, സുപ്രീം കോടതിയും കേരള ഹൈക്കോടതിയുടെയും വിധികൾ /ഇന്നും വകുപ്പ് 26(a)യുടെ വ്യാഖ്യാനത്തിനും പ്രയോഗത്തിനും ഇന്നും നിർണ്ണായക മാർഗ്ഗനിർദേശങ്ങളായി തുടരുന്നു.
വകുപ്പ് 26(a) BSA പ്രകാരമുള്ള മരണമൊഴിയുമായി ബന്ധപെട്ടു ക്രിമിനൽ വിചാരണകളിൽ ആവർത്തിച്ച് ഉയരുന്ന പ്രധാന നിയമ പ്രശ്നങ്ങളാണ് ഈ ലേഖനം വിശദമായി പരിശോധിക്കുന്നത്.
II. വകുപ്പ് 26(a), BSA 2023 ൻ്റെ – നിയമപരമായ പരിധി
വകുപ്പ് 26(a) പ്രകാരം, മരണത്തിന്റെ കാരണം ചോദ്യം ചെയ്യപ്പെടുന്ന കേസുകളിൽ, മരണപ്പെട്ട വ്യക്തി തന്റെ മരണകാരണമോ മരണത്തിലേക്ക് നയിച്ച ഇടപാടിന്റെ സാഹചര്യങ്ങളോ സംബന്ധിച്ച് നൽകിയ പ്രസ്താവനകൾ തെളിവായി സ്വീകരിക്കാവുന്നതാണ്. “ഇടപാടിന്റെ സാഹചര്യങ്ങൾ” (circumstances of the transaction) എന്ന വാചകം, മരണത്തിന് കാരണമായ അവസാന ശാരീരിക പ്രവർത്തനത്തിലേക്ക് മാത്രം ചുരുക്കാതെ, മരണവുമായി അടുത്ത ബന്ധമുള്ള മുൻകാല സംഭവങ്ങളെയും ഉൾപ്പെടുത്തുന്ന രീതിയിലാണ് കോടതികൾ വ്യാഖ്യാനിച്ചിട്ടുള്ളത്.
ഈ വാചക സംയോജനങ്ങൾ തന്നെയാണ് BSA 2023ലും നിലനിർത്തിയിരിക്കുന്നത്, മരണമൊഴി അവസാന നിമിഷത്തിലെ പ്രവർത്തനത്തിൽ മാത്രം പരിമിതമല്ല; മറിച്ച്, മരണത്തിലേക്ക് നയിച്ച സംഭവപരമ്പര മുഴുവൻ ഉൾക്കൊള്ളാമെന്ന നിലപാടിനുള്ള നിയമനിർമ്മാതാക്കളുടെ അംഗീകാരമാണ് സൂചിപ്പിക്കുന്നത്.
1II. മരണമൊഴി
മാത്രം അടിസ്ഥാനമാക്കി ശിക്ഷ നിലനിൽക്കാവുന്ന സാഹചര്യങ്ങൾ
A. നിയമ പര്യാപ്തതയുടെ തത്വം
ക്രിമിനൽ നിയമത്തിലെ ഏറ്റവും സ്ഥിരമായ തത്വങ്ങളിൽ ഒന്നാണ്, ഒരു മരണമൊഴി കോടതിയുടെ മനസ്സിൽ പൂർണ്ണ വിശ്വാസം സൃഷ്ടിക്കുന്നുവെങ്കിൽ, അതിനെ മാത്രം ആശ്രയിച്ച് പ്രതിയെ ശിക്ഷിക്കാമെന്നത്. സെക്ഷൻ 26(a) BSA പ്രകാരം, മരണമൊഴിക്ക് നിർബന്ധമായും പിന്തുണ തെളിവ് (corroboration) ആവശ്യമാണ് എന്നൊരു നിയമവ്യവസ്ഥ ഇല്ല എന്നത് ശ്രദ്ദേയമായ കാര്യമാണ് –
ഇത് സുപ്രീം കോടതി തന്നെ പലതവണ പല വിധികളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാധാരണ സാക്ഷിമൊഴികളേക്കാൾ ഉയർന്ന തെളിവ് മൂല്യമാണ് മരണമൊഴിക്ക്ഉള്ളത് . കാരണം, മരിക്കാൻ തയ്യാറെടുക്കുന്ന ഒരാൾക്ക്കളവായി മറ്റൊരാളെ കുടുക്കാനുള്ള പ്രേരണകൾ ഉണ്ടാവില്ല എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മരണമൊഴി നിർണ്ണായകമാകുന്നത്.
B. മരണമൊഴിയിൽ പ്രതികളുടെ പേര് വ്യക്തമാക്കപെടുന്ന സാഹചര്യങ്ങളിൽ:
മരണമൊഴിയിൽ പ്രതികളുടെ പേര് വ്യക്തമായി പറയുകയും, മരണത്തിന് കാരണമായ അവരുടെ പങ്ക് വിശദീകരിക്കുകയും ചെയ്യുന്നുവെങ്കിൽ, അത്തരം പരാമർശങ്ങൾക്ക് വലിയ തെളിവ് പ്രാധാന്യമുണ്ട് എന്നും മരണമൊഴി വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തിയാൽ, മറ്റ് പിന്തുണ തെളിവുകളുടെ അഭാവം മാത്രം പ്രോസിക്യൂഷൻ കേസിന് ദൗർബല്യം ഉണ്ടാകില്ലെന്ന നിലപാടാണ് കോടതികൾ പല വിധികളിൽ സ്വീകരിച്ചിട്ടുള്ളത്.
IV. ഒന്നിലധികം പ്രതികളുടെ പേരോ കൂട്ടായ ഉത്തരവാദിത്വത്തെയോ ഉൾക്കൊള്ളുന്ന മരണമൊഴികൾ :
A. കൂട്ടായ ഉത്തരവാദിത്വത്തിന്റെ നിയമപ്രശ്നം
മരണമൊഴിയിൽ ഒന്നിലധികം വ്യക്തികളെ കുറ്റപ്പെടുത്തുകയോ, ഒരു സംഘത്തിന് മുഴുവൻ ഉത്തരവാദിത്വം ചുമത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, കൂടുതൽ സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ ഉയരുന്നു. ഇത്തരത്തിലുള്ള മരണമൊഴികൾ വ്യക്തതയില്ലാത്തതും ശിക്ഷയ്ക്ക് അടിസ്ഥാനമാക്കാൻ കഴിയാത്തതുമാണെന്നുമാണ് സാധാരണയായി പ്രതിഭാഗം പലപ്പോഴും വാദിക്കുന്നത്. എന്നാൽ, ഒന്നിലധികം പ്രതികളെ പരാമർശിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഒരു മരണമൊഴിക്ക് അതിന്റെ നിയമപരമായ വിശുദ്ധി നഷ്ടപ്പെടും എന്നൊരു കർശന നിയമസിദ്ധാന്തം ഇന്ന് ഇന്ത്യയിൽ നിലവിലില്ല. നിർണ്ണായകമാകുന്നത് സംഖ്യയല്ല, ഉള്ളടക്കത്തിലുള്ള വ്യക്തതയാണ് എന്നാണ് കോടതി പറഞ്ഞത്.
B. വഹിച്ച പങ്ക് (Role) ആണ് നിർണ്ണായകം :
കൂട്ടായ ഉത്തരവാദിത്വവും അസ്പഷ്ടമായ ആരോപണവും തമ്മിൽ വ്യക്തമായ വ്യത്യാസം കോടതികൾ പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്. മരണമൊഴി പ്രതികളുടെ പൊതുവായ ഉദ്ദേശം, ഗൂഢാലോചന, അല്ലെങ്കിൽ ഒരേ ഇടപാടിന്റെ ഭാഗമായി നടന്ന സംയുക്ത പ്രവർത്തനം എന്നിവ സൂചിപ്പിക്കുന്നതും, പ്രതികളുടെ പങ്ക് ന്യായമായ രീതിയിൽ തിരിച്ചറിയാൻ കഴിയുന്നതുമായിരിക്കുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകാവുന്നതാണ്.
അതേസമയം, “എല്ലാവരും ഉത്തരവാദികളാണ്” എന്ന ഒരു പൊതുവായ അഭിപ്രായപ്രകടനം അല്ലാതെ, ഓരോ പ്രതിയും എങ്ങനെ മരണത്തിൽ പങ്കുവഹിച്ചു എന്നത് വ്യക്തമാക്കി ഉള്ള പ്രസ്താവനകൾ ഉണ്ടെങ്കിൽ, അത്തരം ഒരു മരണമൊഴി ആധാരമാക്കി ശിക്ഷ വിധിക്കുന്നതിൽ കോടതികൾക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും എന്നതാണ് നിയമവശം .
C. കേരള ഹൈക്കോടതിയുടെ സമീപനം :
ഇത്തരം സന്ദർഭങ്ങളിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകളിൽ, മരണമൊഴിയിൽ, ഒരു ഏകോപിതവും സുസ്ഥിരവുമായ പങ്കാളിത്ത കഥ വെളിപ്പെടുന്ന് ഉണ്ട്എങ്കിൽ അത്തരം ഒരു മരണമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികളെ കോടതിക്ക് ശിക്ഷിക്കാമെന്ന് കേരള ഹൈക്കോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ ഇടപാടിന്റെ ഭാഗമായ കൂട്ടായ കുറ്റകൃത്യം മരണമൊഴിയിൽ വ്യക്തമായി പ്രതിഫലിക്കുന്നുവെങ്കിൽ, പ്രതികളുടെ എണ്ണം കൂടുതലാണെന്ന ഒറ്റ കാരണത്താൽ മാത്രം അതിന്റെ നിയമബല്യം നഷ്ടപ്പെടില്ല എന്നാണ് കേരള ഹൈക്കോടതി കണ്ടെത്തിയത്.
V. വഞ്ചന, ഹണി ട്രാപ്പ്, ബന്ധങളുടെ ചൂഷണം – ഇവ മരണമൊഴികളിൽ
A. ആധുനിക കേസുകളിലെ ആരോപണങ്ങളുടെ സ്വഭാവം അടുത്ത കാലത്തായി, മാനസിക ചൂഷണം, അടുത്ത ബന്ധങ്ങളിലെ വഞ്ചന, സാമ്പത്തിക ചൂഷണം, “ഹണി ട്രാപ്പ് പ്രവർത്തനങ്ങൾ ” – എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ ഉൾക്കൊള്ളുന്ന മരണപ്പറയലുകൾ കോടതികൾക്ക് മുൻപിൽ കൂടുതൽ എത്തിക്കൊണ്ടിരിക്കുകയാണ്.
B. ക്രിമിനൽ ബാധ്യതയ്ക്ക് ആവശ്യമായ നിയമപരമായ പരിധി
ബന്ധത്തിലെ വഞ്ചനയോ മാനസിക വേദനയോ മാത്രം മൂലം, കൊലപാതകത്തിനോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനോ (abetment) ശിക്ഷ നൽകാനാവില്ല. എന്നാൽ, ക്രിമിനൽ ഉദ്ദേശപൂർവ്വമായ വഞ്ചന, തുടർച്ചയായ ചൂഷണം, അല്ലെങ്കിൽ ഉദ്ദേശപൂർവ്വമായ പ്രലോഭനം എന്നിവ തെളിയിക്കപ്പെടുകയും, അതിനും മരണത്തിനും നേരിട്ടും അടുത്തും ബന്ധം ഉണ്ടെന്ന് കാണിക്കപ്പെടുകയും ചെയ്താൽ മാത്രമേ ക്രിമിനൽ ബാധ്യത ഉയരുകയുള്ളൂ. എന്നാൽ, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ പോലുള്ള കുറ്റങ്ങളിൽ, പ്രതിയുടെ mens rea ( ക്രിമനൽ പരമായ ഉദ്ദേശ്യം)— അതായത്, തന്റെ പ്രവർത്തനം ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്ന് അറിയുകയോ ഉദ്ദേശിക്കുകയോ ചെയ്തേ ക്കാവുന്ന അവസ്ഥയിൽ ആയിരിക്കണം എന്ന് മാത്രം –
പ്രതികളുടെ മനോഭാവം – (ക്രിമിനൽ ഉദ്ദേശ്യം) :
പ്രതികളുടെ മനോഭാവം (ക്രിമിനൽ ഉദ്ദേശ്യം) കോടതിയിൽ വ്യക്തമായും തെളിയിക്കേണ്ടത് അത്യാവശ്യമാണ്.
C. മരണമൊഴിയുടെ മൂല്യം
സൂക്ഷ്മമായി ആസൂത്രണം ചെയ്ത വഞ്ചന, മാനസിക സമ്മർദ്ദം, സാമ്പത്തിക ചൂഷണം എന്നിവയുടെ തുടർച്ചയായ ഒരു രീതിയെ മരണമൊഴിയിൽ വ്യക്തമായി വിവരിക്കുകയും, അത്തരം പ്രവർത്തനങ്ങൾ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുവെങ്കിൽ, അത് ശക്തമായ തെളിവായി മാറുന്നു. എന്നിരുന്നാലും, സാധാരണ നിരാശയെയോ മാനസിക വേദനയെയോ അതിലപ്പുറം നിയമപരമായ കുറ്റമായി ഉയർത്തിക്കാട്ടുന്നുണ്ടോ എന്ന് കോടതി സൂക്ഷ്മമായി വിലയിരുത്തും.
പ്രതികൾ കൂട്ട്ചേർന്ന് നടത്തിയ ചൂഷണ പ്രവർത്തനങ്ങൾ മരണമൊഴിയിൽ വ്യക്തമായി പ്രതിഫലിക്കുന്നുവെങ്കിൽ, അത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ അല്ലെങ്കിൽ ഗൂഢാലോചന സംബന്ധിച്ച കുറ്റങ്ങൾക്ക് ശിക്ഷയ്ക്ക് നിയമപരമായ പിന്തുണ നൽകും.
VI. കോടതികളുടെ ജാഗ്രതയും സംരക്ഷണ മാർഗ്ഗങ്ങളും
മരണമൊഴികൾക്ക് ഒരു ഉയർന്ന തെളിവ് മൂല്യം നൽകിയിട്ടുണ്ടെങ്കിലും, അവയെ യാന്ത്രികമായി സ്വീകരിക്കരുതെന്ന് കോടതികൾ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശിക്ഷയുടെ അപരിഹാര്യ സ്വഭാവം കണക്കിലെടുത്ത്, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ പ്രത്യേകിച്ച് അതീവ ജാഗ്രത ആവശ്യമാണ്:
* വ്യക്തിഗത ബന്ധങ്ങൾ ഉൾപ്പെട്ട കേസുകൾ
* ഒന്നിലധികം പ്രതികൾ ഉൾപ്പെട്ട കേസുകൾ
* മാനസികമോ മനഃശാസ്ത്രപരമോ ആയ ഹാനി അടിസ്ഥാനമാക്കിയ ആരോപണങ്ങൾ
കോപം, നിരാശ, അല്ലെങ്കിൽ മരണാനന്തര പ്രതികാരാഭിലാഷം എന്നിവയിൽ നിന്നല്ല മരണമൊഴി ഉണ്ടായതെന്ന്കോടതികൾ ഉറപ്പ് വരുത്തണം എന്ന് പല തവണ പറഞിട്ടുള്ളതാണ്.
VII. ഉപസംഹാരം
ഭാരതീയ സാക്ഷ്യ അധിനിയമം, 2023 ലെ വകുപ്പ് 26(a), ക്രിമിനൽ തെളിവ് നിയമത്തിൽ ആവശ്യകതയും ജാഗ്രതയും തമ്മിലുള്ള ദീർഘകാല സമതുലിത നിലപാട് തുടർന്നു കൊണ്ടുപോകുന്നു. വിശ്വസനീയതയും സത്യസന്ധതയും സംബന്ധിച്ച കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ, പിന്തുണ തെളിവുകളില്ലാതെയും ഒരു മരണമൊഴി ശിക്ഷയ്ക്ക് മതിയായ ശക്തമായ തെളിവായി നിലനിൽക്കും എന്നും കോടതി കണ്ടെത്തി. അതേസമയം, സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങൾക്ക് ഉപകരണമായി മരണമൊഴികൾ മാറരുത് എന്നും കോടതി പ്രസ്താവിച്ചു. പ്രതിയുടെ പ്രവർത്തനവും മരണവും തമ്മിൽ വ്യക്തമായ, സ്വമേധയുള്ള, അടുത്ത ബന്ധം മരണമൊഴിയിൽ വെളിപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണ്. അത്തരം സാഹചര്യങ്ങളിൽ മാത്രമേ ക്രിമിനൽ ബാധ്യത നിയമപരമായി പ്രതികളുടെ മേൽ ചുമത്തപ്പെടുകയുള്ളൂ.
സലിൽ കുമാർ
അഡ്വക്കേറ്റ്
കോഴിക്കോട് – 673001
