
മെരിലാന്‍ഡ്: മേരിലാൻഡിൽ 27 കാരിയായ ഇന്ത്യൻ യുവതി നികിത ഗോഡിഷാലയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്തു. നികിതയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി പിന്നീട് ഇന്ത്യയിലേക്ക് കടന്ന മുൻ കാമുകന്‍ അര്‍ജുന്‍ ശര്‍മ്മയുടെ അപ്പാർട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മെരിലാന്‍ഡിലെ എല്ലിക്കോട്ട് സിറ്റിയിലാണ് സംഭവം. കൊലപാതകമാണെന്ന് സംശയിക്കുന്ന പോലീസ് ശര്‍മ്മയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മെരിലാൻഡിലെ കൊളംബിയയിലുള്ള Vheda Health-ല്‍ ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായിരുന്നു ഗോഡിഷാല. 2025 ഫെബ്രുവരിയിലാണ് ഈ സ്ഥാപനത്തില്‍ ജോലി ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ, അവരുടെ പ്രകടനത്തിന് “ഓൾ-ഇൻ അവാർഡ്” ലഭിക്കുകയും ചെയ്തു.
ഡിസംബർ 31 നാണ് നികിതയെ അവസാനമായി കണ്ടത്, അതിനുശേഷം കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവരുടെ പെട്ടെന്നുള്ള തിരോധാനം കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ആശങ്ക ഉളവാക്കി.
ജനുവരി 3 ന് അർജുൻ ശർമ്മയുടെ അപ്പാർട്ട്മെന്റിൽ സെർച്ച് വാറണ്ട് പ്രകാരം പരിശോധന നടത്തിയതായി പോലീസ് പറഞ്ഞു. ഈ പരിശോധനയിലാണ് നികിതയുടെ മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ അവരുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകൾ കണ്ടെത്തി. കൊലപാതക കേസായി കണക്കാക്കി പോലീസ് അന്വേഷണം ആരംഭിച്ചു.
നികിതയുടെ മുൻ കാമുകൻ അർജുൻ ശർമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഡിസംബർ 31 ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു. കൊലപാതകത്തിന് ശേഷം, ശര്‍മ്മ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചതായും താമസിയാതെ ഇന്ത്യയിലേക്ക് കടന്നതായും ആരോപിക്കപ്പെടുന്നു.
കുറ്റവാളിയെന്ന് സംശയിക്കുന്ന അർജുൻ ശർമ്മ ജനുവരി 2 ന് നികിതയെ കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 31 ന് തന്റെ അപ്പാർട്ട്മെന്റിൽ വെച്ച് അവസാനമായി നികിതയെ കണ്ടതായി അയാൾ പോലീസിനോട് പറഞ്ഞു. എന്നാല്‍, റിപ്പോർട്ട് സമർപ്പിച്ച ശേഷം, അതേ ദിവസം തന്നെ അയാൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പോയത് പോലീസിന്റെ സംശയങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി.
ശര്‍മ്മയെ പിടികൂടുന്നതിനായി ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് പറഞ്ഞു. “കൊലപാതകത്തിന്റെ ഉദ്ദേശ്യം നിലവിൽ വ്യക്തമല്ല, അന്വേഷണം തുടരുകയാണ്. കേസിന്റെ എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്,” പോലീസ് പറഞ്ഞു.
ഈ വിഷയത്തിൽ ഇന്ത്യൻ എംബസിയും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ കോൺസുലാർ സഹായങ്ങളും നൽകുന്നുണ്ടെന്നും എംബസി സ്ഥിരീകരിച്ചു. കൂടാതെ, അന്വേഷണം വേഗത്തിലാക്കാൻ എംബസി പ്രാദേശിക യുഎസ് അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
