ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണം മോഷ്ടിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി എസ് ഐ ടി റിപ്പോര്‍ട്ട്; ദേവസ്വം ഉദ്യോഗസ്ഥരും പങ്കാളികള്‍

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി മാത്രമല്ല മറ്റു സ്വർണ്ണാഭരണങ്ങളും സ്വർണ്ണം പൂശിയ മറ്റ് വസ്തുക്കളും ഉൾപ്പെടെ വൻ മോഷണം പ്രതികൾ ആസൂത്രണം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, കർണാടക ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവർ ആസൂത്രണത്തിൽ പങ്കാളികളായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരാണ് ഇവർക്ക് ആവശ്യപ്പെടാതെ തന്നെ എല്ലാ ഒത്താശയും ചെയ്തുകൊടുത്തതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ഒക്ടോബറിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തെളിവുകൾ നശിപ്പിക്കാനും ഇക്കൂട്ടര്‍ ഗൂഢാലോചന നടത്തി. അതിനായി മൂവരും ബെംഗളൂരുവിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവരുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ജസ്റ്റിസ് എ. ബദറുദ്ദീൻ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി.

പ്രതികളുടെ പങ്കാളിത്തവും രീതിയും പരിശോധിച്ചാല്‍ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിക്കാൻ അവർ വലിയൊരു ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് നിഗമനം ചെയ്യാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശ്രീകോവിലിനു ചുറ്റുമുള്ള എട്ട് തൂണുകൾക്കും വശങ്ങളിലെ പാളികള്‍ക്കും 4302.660 ഗ്രാം സ്വർണ്ണം ഉപയോഗിച്ചതായി യുബി ഗ്രൂപ്പ് റിപ്പോർട്ട് പറയുന്നു. വി.എസ്.എസ്.സിയിൽ നടത്തിയ സാമ്പിൾ പരിശോധനയുടെ ഫലം ലഭിച്ചതിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ. അതിനുശേഷം ഗോവർദ്ധനെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. ജാമ്യത്തിൽ വിട്ടയക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

1995 മുതൽ ശബരിമലയിൽ സ്ഥിര സന്ദർശകനായ ഗോവർദ്ധന്, ശ്രീകോവിൽ മുഴുവൻ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിട്ടുണ്ടെന്ന് അറിയാമായിരുന്നു. ഗോവർദ്ധൻ കൗശലപൂർവ്വം ഇടപെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് ശിൽപങ്ങൾ എത്തിക്കുന്നതിൽ വിജയം കണ്ടെത്തി. ശിൽപങ്ങളിൽ നിന്നുള്‍പ്പടെ സ്വർണ്ണം നീക്കം ചെയ്തത് അവിടെ വെച്ചാണ്. വാതിൽ ഫ്രെയിമുകളിൽ നിന്ന് 409 ഗ്രാം സ്വർണ്ണവും, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണ്ണവും എടുത്തിട്ടുണ്ട്.

സ്വർണ്ണം പൂശിയ ശേഷം, ബാക്കി 474.957 ഗ്രാം സ്വർണ്ണം പങ്കജ് ഭണ്ഡാരിയുടെ കൈവശമായിരുന്നു. പകരമായി, ഗോവർദ്ധൻ കൽപേഷ് വഴി അതേ അളവിലുള്ള മറ്റൊരു സ്വർണ്ണം കൈമാറി. തനിക്ക് ലഭിച്ച 14.97 ലക്ഷം രൂപ സ്വർണ്ണം തിരികെ നൽകിയെന്ന ഗോവർദ്ധന്റെ മൊഴി, മുഴുവൻ മോഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. നിരപരാധിയാണെങ്കിൽ, ഗോവർദ്ധൻ ദേവസ്വം ബോർഡിനെ സ്വർണ്ണത്തെക്കുറിച്ച് അറിയിക്കുമായിരുന്നു. ചോദ്യം ചെയ്യലിൽ ഗോവർദ്ധൻ തന്നെ 474.960 ഗ്രാം സ്വർണ്ണം ഹാജരാക്കി.

Leave a Comment

More News