സിസിഎംഎ ആൽബർട്ട ചാപ്റ്ററിന്റെ തുടക്കം ഫെബ്രുവരിയിൽ

എഡ്മിന്റൻ : സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ച വൈകിട്ട് നാലിന് എഡ്മിന്റൻ സെന്റ് അൽഫോൻസ സിറോ മലബാർ ചർച്ച് മീറ്റിങ് ഹാളിലാണ് പരിപാടി. മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷനൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം  പങ്കെടുക്കാം.

കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷനൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.

കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങാനുള്ള പ്രവർത്തനം നടത്തുന്നു .

ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യങ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.

ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.

ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി  (519-870-5783), അനൂപ് ജോർജ്  (780-218-8249) എന്നിവരിൽനിന്ന് ലഭ്യമാകും. വെബ്സൈറ്റ് മുഖേന റജിസ്റ്ററും ചെയ്യാം-   www.canadianmalayaliaffairs.ca

വാർത്ത: ജോസഫ് ജോൺ, കാൽഗറി

Leave a Comment

More News