അബുദാബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട നാല് സഹോദരന്മാരെ ദുബായില്‍ ഖബറടക്കി; രക്ഷപ്പെട്ട ഏക സഹോദരി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു

ദുബായ്: ഞായറാഴ്ച രാവിലെ അബുദാബിയിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ നാല് സഹോദരന്മാരെ നഷ്ടപ്പെട്ട 10 വയസ്സുകാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ലിവ ഫെസ്റ്റിവലിൽ അവധിക്കാലം ആഘോഷിച്ച ശേഷം കുടുംബം ദുബായിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. കുടുംബത്തിലെ നാല് ആൺമക്കളും അവരുടെ വീട്ടുജോലിക്കാരിയും അപകടത്തിൽ മരിച്ചു, മാതാപിതാക്കളും 10 വയസ്സുള്ള മകളും രക്ഷപ്പെട്ടു.

കോഴിക്കോട് കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും, വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും നാല് മക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരണപ്പെട്ടത്.

ഇസ ലത്തീഫ് (10) എന്ന പെൺകുട്ടിയാണ് അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്. മാതാപിതാക്കളായ അബ്ദുൾ ലത്തീഫും റുക്‌സാനയും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, അപകടം കുടുംബത്തെ തകർത്തു. കുടുംബത്തിലെ വീട്ടുജോലിക്കാരിയായ മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റയുടെ (48) മൃതദേഹം കേരളത്തിലേക്ക് അയച്ചു.

ദുബായിലെ സോനാപൂരിലായിരുന്നു ഖബറടക്ക ചടങ്ങുകൾ നടന്നത്. അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവർക്കായുള്ള മയ്യിത്ത് നിസ്‌കാരം വൈകീട്ട് നാല് മണിക്ക് അൽ ഷുഹാദ മസ്ജിദിൽ നടന്നു.

കുട്ടികളുടെ അമ്മ റുക്‌സാന അബുദാബിയിലെ ഷെയ്ഖ് ഷഖ്‌ബത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. കുടുംബസുഹൃത്തുക്കൾ പറയുന്നതനുസരിച്ച്, ഖബറടക്കത്തിനു മുമ്പ് തന്റെ മക്കളെ അവസാനമായി ഒരു തവണ കാണാനുള്ള ആഗ്രഹം അമ്മ പ്രകടിപ്പിച്ചു. അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്, മക്കളോട് വിടപറയാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിരുന്നു. വികാരഭരിതമായ ആ രംഗം കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ്  അബ്ദുൽ ലത്തീഫ് വീൽചെയറിലായിരുന്നു മക്കളുടെ മയ്യത്ത് നിസ്കാര ചടങ്കിൽ പങ്കെടുത്തത്. മക്കളെ അവസാനമായി കാണാൻ എത്തിയ ലത്തീഫ് കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സോനാപൂരിൽ എത്തി കുട്ടികൾക്ക് അന്തിമോപചാരം അർപ്പിച്ചു.

ദുബായിലെ അൽ വർഖ ഗ്രാൻഡ് മോസ്കിൽ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും നടന്ന വിലാപ ചടങ്ങുകളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അബ്ദുൾ ലത്തീഫിന് അനുശോചനം രേഖപ്പെടുത്തി. കുട്ടികളുടെ സംസ്കാര ചടങ്ങുകൾക്കായി ചൊവ്വാഴ്ച പിതാവ് അബ്ദുൾ ലത്തീഫ് ആശുപത്രി വിട്ടു, അനുശോചന ചടങ്ങിൽ പങ്കെടുത്തു. ഭാര്യ പൂർണമായി സുഖം പ്രാപിക്കുന്നതുവരെ അവരെ പരിചരിക്കാൻ അദ്ദേഹം ഇനി ആശുപത്രിയിലേക്ക് മടങ്ങും. ഈ സമയത്ത് ഭാര്യയ്ക്കും ഭർത്താവിനും സമൂഹത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണ അത്യധികം ആവശ്യമാണെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.

അബ്ദുല്‍ ലത്തീഫും കുടുംബവും വേലക്കാരി ബുഷ്റയും

ലത്തീഫും കുടുംബവും വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസക്കാരാണ്. നാല് സഹോദരന്മാരും അറബ് യൂണിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു. അവരുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, സ്‌കൂൾ മാനേജ്‌മെന്റും സഹപാഠികളും കുട്ടികളുടെ ഓർമ്മകൾ പങ്കുവെച്ചു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മകൾ ഇസ ശാരീരികമായി സുഖമായിരിക്കുന്നുവെന്നും നിലവിൽ ഒരു ബന്ധുവിന്റെ സംരക്ഷണത്തിലാണെന്നും കുടുംബ വൃത്തങ്ങൾ പറയുന്നു. ഒരു കുട്ടിയെ പോലും നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്ക് താങ്ങാനാവാത്തതാണെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, ഈ കുടുംബത്തിന് ഒരേസമയം നാല് ആൺമക്കളെ നഷ്ടപ്പെട്ടു, ഇത് വലിയൊരു ആഘാതമാണ്. കുടുംബത്തിനായി അഭ്യുദയകാംക്ഷികൾ പ്രാർത്ഥിക്കുന്നു.

 

Leave a Comment

More News