തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ഒരുക്കി. പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചു.ചൂട്ട്മാലി പാടശേഖര ത്തേക്ക് വെള്ളം കയറ്റുന്നതിനുള്ള പ്രധാന കലുങ്കാണ് ഇത്.
കലുങ്കിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്‌മാരായ എ. ഒ. ചാക്കോ,സിബി തോമസ്, അജിതൻ കുന്നത്ത്പറമ്പിൽ, പി. വി തോമസ്കുട്ടി മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോസിയമ്മ മാത്യു , ജയിംസ് ചീരംക്കുന്നേൽ, പി. സി ചന്ദ്രമോഹനന്‍, ജിബി ഈപ്പൻ ,എം എം മാത്യു ,വി. സി.വർഗ്ഗീസ് വാലയിൽ ,ഗീവർഗ്ഗീസ് ചാക്കോ,സരിത നടരാജൻ,റോയി കുന്നേൽ, കെ ബി മാത്യു എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. കഴിഞ്ഞ 3 വർഷമായി കലുങ്കിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് .തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീൻ ഉൾപ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാന്‍ ഉള്ള വാഹനങ്ങള്‍ ഇത് വഴിയാണ് എത്തുന്നത്.
അപകടം ഒഴിവാക്കാന്‍ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനും ആലപ്പുഴ ജില്ലാ കളക്ടർക്കും നിവേദനം നല്‍കി.
