‘കീം’ പരീക്ഷ ഫീസ്: സർക്കാർ വിദ്യാർത്ഥികളെ കൊള്ളയടിക്കരുത് – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ‘കീം’ പരീക്ഷയിൽ ഒന്നിലേറെ സ്ട്രീമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് വെവ്വേറെ അടക്കണമെന്ന പുതിയ വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഉപദ്രവകരമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ വിവിധ സ്ട്രീമുകളിൽ ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് നിരക്കുണ്ടായിരുന്നു. അതൊഴിവാക്കി ഓരോ സ്ട്രീമിനും അതിൻ്റേതായ ഫീസ് വെവ്വേറെ അടക്കണമെന്നത് ചെലവ് കൂട്ടും. എഞ്ചിനീയറിങ്ങിന് അപേക്ഷിക്കുന്ന കുട്ടികൾ കൂട്ടത്തിൽ ഫാർമസിക്കും ആർക്കിടെക്ച്ചറിനും കൂടി കൊടുക്കുന്നത് കീമിൽ സാധരണയാണ്.

മുഴുവൻ സ്ട്രീമുകളിലും അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തവണ വെവ്വേറെ ഫീസടക്കാൻ 2450 രൂപ ചെലവ് വരും. എന്നാൽ, കഴിഞ്ഞ തവണ ഇത് 1300 രൂപ മാത്രമായിരുന്നു. എഞ്ചിനീയറിങ്ങിനും ഫാർമസിക്കും കൂടി അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് രണ്ടിൻ്റെയും ഫീസായ 925 വെവ്വേറെ അടച്ച് 1850 രൂപ ചെലവ് വരും. കഴിഞ്ഞ തവണ ഇത് 1125 രൂപ മാത്രമായിരുന്നു. 725 രൂപ ഒറ്റയടിക്ക് വർധിച്ചു.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന അനവധി വിദ്യാർത്ഥികൾ ഫീസ് കൊടുത്ത് പോകാൻ കഴിയാത്തത് കൊണ്ട് കോച്ചിങ് പോലും ചെയ്യാതെ കീം എഴുതുന്നുണ്ട്. അത്തരം ആയിരക്കണക്കിന് വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സർക്കാർ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നിർധന വിദ്യാർത്ഥികളുടെ അവസരത്തെപ്പോലും റദ്ദ് ചെയ്യാൻ ഭീമമായ ഫീസ് വർധന ഇടയാക്കും. അതിനാൽ ഫീസ് വർധന ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

Leave a Comment

More News