ആലപ്പുഴ: സംസ്ഥാനത്തെ സാധാരണ കുടുംബങ്ങളുടെ അടുക്കള ബജറ്റ് തകർത്ത വിലക്കയറ്റത്തിനെതിരെ ശക്തമായ വിമർശനവുമായി കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴയിലെ നയനാവെളി സ്വദേശിനിയായ റീഫ മേരിയുടെ വീട്ടിലെ സന്ദർശനത്തിനിടെ വീട്ടമ്മമാരുടെ ദുരിതവിവരങ്ങൾ കേട്ട വേണുഗോപാൽ, “ഇത് രാഷ്ട്രീയ പ്രചാരണമല്ല; ദിനംപ്രതി അനുഭവിക്കുന്ന യാഥാർത്ഥ്യത്തിന്റെ നിലവിളിയാണ്”െന്ന് വ്യക്തമാക്കി.
“നൂറു രൂപയുമായി അരിയും മുളകും വാങ്ങാൻ പോയ ഞാൻ 20 രൂപ കടം പറഞ്ഞ് മടങ്ങേണ്ടിവന്നു,” മത്സ്യത്തൊഴിലാളി കുടുംബാംഗമായ റീഫ മേരി പങ്കുവെച്ച അനുഭവം അടുക്കള ചെലവിലെ കുത്തനെ വർധനയുടെ ദൃശ്യമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പത്തു വർഷങ്ങൾക്ക് മുമ്പ് തട്ടിമുട്ടി ജീവിക്കാമായിരുന്ന സാഹചര്യം ഇന്ന് പൂർണമായും തകർന്നുവെന്നും, ഒരു മാസം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും അടുക്കള ചെലവിന് മാത്രം വേണമെന്നുമാണ് വീട്ടമ്മമാരുടെ പരാതി. കുട്ടികളുടെ പഠനച്ചെലവും ചികിത്സാചെലവും ചേർന്നാൽ ഓരോ മാസവും കടബാധ്യതയിലേക്കാണ് കുടുംബങ്ങൾ നീങ്ങുന്നതെന്ന് അവർ പറഞ്ഞു.
പാചകവാതക സബ്‌സിഡി കുറച്ചതും മണ്ണെണ്ണ വിതരണം നിലച്ചതും വെളിച്ചെണ്ണ ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില നിയന്ത്രണമില്ലാതെ ഉയർന്നതും കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയതായി വീട്ടമ്മമാർ ചൂണ്ടിക്കാട്ടി. വരുമാനം നിലച്ചുനിൽക്കുമ്പോൾ ചെലവുകൾ മാത്രം കുതിച്ചുയരുന്ന അവസ്ഥയാണെന്ന് വേണുഗോപാൽ കണക്കുകൾ സഹിതം വിശദീകരിച്ചു.
വിലക്കയറ്റത്തിന്റെ കാരണങ്ങളും പ്രതിഫലങ്ങളും അടങ്ങിയ ‘കേരള കിച്ചൺ ബജറ്റ് വൈറ്റ് പേപ്പർ’ അദ്ദേഹം അവതരിപ്പിച്ചു. 2016 മുതൽ അരി, പാചകഎണ്ണ, പാൽ, പച്ചക്കറികൾ, പയർവർഗങ്ങൾ, മസാലകൾ തുടങ്ങി എല്ലാ അവശ്യസാധനങ്ങൾക്കും ഉണ്ടായ വർധനവ് സാധാരണ കുടുംബങ്ങളുടെ മാസഭക്ഷണച്ചെലവിനെ അസഹ്യ നിലയിലേക്ക് എത്തിച്ചതായി രേഖയിൽ പറയുന്നു. ശമ്പളക്കാർക്കും ദിവസവേതനക്കാർക്കും ജീവിതച്ചെലവ് താങ്ങാനാകാത്ത സാഹചര്യമാണെന്നും, ദേശീയ ശരാശരിയേക്കാൾ ഉയർന്ന വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“വളർച്ചാനിരക്ക്, ധനവിനിമയ അനുപാതം, കടബാധ്യതാ ശതമാനം എന്നീ കണക്കുകൾ പറഞ്ഞ് ഭരണപരാജയം മറയ്ക്കാൻ കഴിയില്ല. അടുക്കള പ്രവർത്തനം അവതാളത്തിലാകുമ്പോൾ ഭരണസംവിധാനം അടിസ്ഥാനതലത്തിൽ പരാജയപ്പെട്ടതാണ്,” അദ്ദേഹം വിമർശിച്ചു.
വിലക്കയറ്റം മാത്രമല്ല, തൊഴിൽ അസ്ഥിരതയും യഥാർത്ഥ വരുമാനവർധനയുടെ തളർച്ചയും ചേർന്നതാണ് കുടുംബങ്ങളെ തകർക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ മലയാളി കുടുംബങ്ങളുടെ ജീവിതം ‘അടുക്കളക്കണക്കു’ പ്രകാരമാണ് നീങ്ങുന്നത്; എന്നാൽ പത്തു വർഷത്തെ ഭരണത്തിനു ശേഷം കണക്കുകൾ കൂട്ടിയാൽ ഒന്നും ശരിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടമ്മമാരോടൊപ്പം അടുക്കളയിൽ കപ്പപുഴുങ്ങി പ്രതിഷേധം രേഖപ്പെടുത്തിയ ശേഷമാണ് എംപി മടങ്ങിയത്. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കിൽ കുടുംബങ്ങളുടെ അടുക്കളപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻഗണന നൽകുമെന്നു വേണുഗോപാൽ ഉറപ്പു നൽകി.
