ന്യൂഡല്‍ഹി: കേദാർനാഥിലേക്ക് പോകുന്ന തീർത്ഥാടകർക്ക് തീർത്ഥാടനത്തിനായുള്ള ഹെലി-സർവീസ് ടിക്കറ്റ് ബുക്കിംഗ് ഏപ്രിൽ 15 ന് ആരംഭിക്കും. ഏപ്രിൽ 11 ന് ആരംഭിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന തീയതി ഭരണപരമായ കാരണങ്ങളാൽ ഏപ്രിൽ 15 ലേക്ക് മാറ്റി.
ഹെലികോപ്റ്റർ സർവീസിനുള്ള ബുക്കിംഗ് ഏപ്രിൽ 15 ന് ആരംഭിക്കും. ജൂൺ 15 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഐആർസിടിസി വെബ്സൈറ്റായ heliyatra.irctc.co.in വഴി ഭക്തർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഗുപ്തകാശി, ഫാട്ട, സിർസ എന്നിവിടങ്ങളിൽ നിന്ന് സർവീസ് ബുക്ക് ചെയ്യാം.
ഏപ്രിൽ 19 നാണ് ചാർധാം യാത്ര ആരംഭിക്കുന്നത്. കേദാർനാഥിന്റെ വാതിലുകൾ ഏപ്രിൽ 22 ന് തുറക്കും. രുദ്രപ്രയാഗ് ജില്ലയിലെ സിർസി, ഫാട്ട, ഗുപ്തകാശി എന്നീ മൂന്ന് സ്ഥലങ്ങളിൽ നിന്നാണ് ധാമിലേക്കുള്ള ഹെലി-ട്രാൻസിറ്റ് സർവീസുകൾ പ്രവർത്തിക്കുന്നത്.
ഹെലികോപ്റ്റർ സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അനുസരിച്ച്, ഇത്തവണ എട്ട് കമ്പനികളാണ് ഈ സർവീസ് നടത്തുന്നത്. തീർത്ഥാടകർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിംഗ് തീയതികൾ സംബന്ധിച്ച വിവരങ്ങൾ യുസിഎഡിഎ സിഇഒ ആശിഷ് ചൗഹാൻ നൽകി.
