തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. നിതിൻ രാജിനോട് കോളേജ് അധികൃതർ മോശമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിക്ക് ഹോസ്റ്റൽ മുറി പോലും നൽകിയില്ല. കുട്ടികളെ ഭയപ്പെടുത്താൻ ഇന്റേണൽ മാർക്കുകൾ ആയുധമാക്കുന്നതിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്ന് മന്ത്രി വ്യക്തമാക്കി.
ലോൺ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്റേണൽ മാർക്കിനായി ഒരു കമ്മിറ്റിയെ നിയമിക്കാൻ വ്യവസ്ഥ ചെയ്യണം. ഇന്റേണൽ മാർക്ക് നൽകുന്നത് അധ്യാപകര്‍ മാത്രമായിരിക്കണമെന്ന സമ്പ്രദായം നിർത്തലാക്കുകയും ഇന്റേണൽ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അദ്ധ്യാപകര്‍ രാജ്യത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ വായ്പാ ഇടപാടുമായുള്ള ബന്ധം പറയാനാവില്ലെന്നും പോലീസ് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിൽ നിന്നുള്ള സന്ദേശങ്ങളും അന്വേഷണത്തിലാണ്. അദ്ധ്യാപികയുടെ നമ്പറിലേക്ക് വന്ന സന്ദേശങ്ങൾ പരിശോധിക്കണം. ലോൺ ആപ്പ് സംഘത്തിന് അദ്ധ്യാപികയുടെ നമ്പർ എങ്ങനെ ലഭിച്ചു എന്നത് നിർണായകമാണ്.
