ദുരിതം നിറഞ്ഞ നാല് പതിറ്റാണ്ടിനുശേഷം ചന്ദ്രന്‍ നാട്ടിലേക്ക്; പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതുംഅറിഞ്ഞില്ല

കുവൈറ്റ് സിറ്റി : 38 വര്‍ഷങ്ങള്‍ക്കുശേഷം മലയാളി പ്രവാസി നാടണഞ്ഞു. കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടന്‍ ചന്ദ്രനാണ് ഇന്ത്യന്‍ എംബസിയുടേയും കുവൈറ്റിലെ സാമുഹ്യ പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്.

ഹൃദയ സംബന്ധമായ അസുഖം കാരണം സ്‌പോണ്‍സരുടെ കൂടെ അദാന്‍ ആശുപതിയിലെത്തിയ ചന്ദ്രന്റെ ജീവിതകഥ അറിഞ്ഞു മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് കണ്ട് ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്റെ മക്കള്‍ സാമുഹ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ ഷായെ ബന്ധപ്പെടുകയും തുടര്‍ന്ന് സലിം കൊമ്മേരി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചന്ദ്രന്‍ ജോലി ചെയ്യുന്ന സ്‌പോണ്‍സറെ ബന്ധപ്പെടുകയും എംബസിയെ വിവരം അറിയിക്കുകയുമായിരുന്നു.

1983ലാണ് തൃശൂര്‍ കയ്പമംഗലം സ്വദേശി ആദ്യമായി കുവൈറ്റിലെത്തുന്നത്. വഫ്ര പ്രദേശത്ത് ആട് മേയ്ക്കല്‍ ജോലിക്കായി എത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും നാട്ടുകാരുമായോ കുടുംബക്കാരുമായോ ബന്ധപ്പെടുവാന്‍ സാധിച്ചിരുന്നില്ല. അതിനിടെ നാട്ടില്‍ പോകാന്‍ അനുമതി തേടിയശേഷമാണ് ചന്ദ്രന്റെ ദുരിത ജീവിതം ആരംഭിക്കുന്നത്. അതുവരെ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചന്ദ്രന്‍ പറയുന്നു. കൃത്യമായ ശന്പളമോ ഭക്ഷണമോ ലഭിക്കാതെ നാട്ടില്‍ പോകാന്‍ പോലുമാകാതെ പ്രയാസത്തിലായ ചന്ദ്രന്‍ ഇതിനകം രണ്ടു തവണ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കുടുംബക്കാര്‍ ഇടപെട്ട് പല തവണ ശ്രമം നടത്തിയെങ്കിലും ചന്ദ്രന്‍ എവിടെയെന്ന് കണ്ടെത്തുവാന്‍ സാധിക്കാത്തതിനാല്‍ അതൊന്നും ലക്ഷ്യം കാണാതെ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

 

ചന്ദ്രന്റെ വിവരങ്ങള്‍ അറിയുന്നതിനായി ഭാര്യയും മൂന്ന് പെണ്‍കുട്ടികളും മകനും മുട്ടാത്ത വാതിലുകളില്ല. ജന പ്രതിനിധികളിലും അധികാരികളിലും നിരവധി തവണ സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കൈരളി ടിവിയിലെ പ്രവാസ ലോകം പരിപാടിയില്‍ ഇവരുടെ ദുരിത കഥകള്‍ സംപ്രേഷണം ചെയ്‌തെങ്കിലും ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ കണ്ടെത്താനായില്ല.നാല് പതിറ്റാണ്ടിനിടയില്‍ നിരവധി സ്‌പോണ്‍സമാരുടെ കീഴിയില്‍ ജോലി ചെയ്തത്. ഇപ്പോഴത്തെ തൊഴിലുടമയുടെ കൂടെ ചന്ദ്രന്‍ എത്തുന്നത് ഏഴ് വര്‍ഷം മുന്പാണ്.

നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതും ചന്ദ്രന്‍ അറിഞ്ഞിരുന്നില്ല. ആറു മാസം മുന്പാണ് ഭാര്യ യശോദ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നെടുന്പാശേരി വിമാനത്താവളെത്തിയ ചന്ദ്രനെ മക്കളും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനോടുവില്‍ പാതി തളര്‍ന്ന ചന്ദ്രന്‍ ജീവത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മക്കളും പേരമക്കളുമടങ്ങുന്ന കുടുംബം. ചന്ദ്രനെ നാടിലെത്തിക്കുവാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News