ഉക്രെയ്‌നില്‍ നിന്ന് മൂവായിരം പൗരന്‍മാരെ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രം; 193 മലയാളികള്‍ കൂടി നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധമുഖത്തുനിന്നും 3000 ഇന്ത്യന്‍ പൗരന്‍മാരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 15 വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് ഇവരെ മടക്കി കൊണ്ടുവന്നത്.

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയിലൂടെ 6400 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നുവെന്നും കേന്ദ്രം അറിയിച്ചു.

അതിനിടെ, ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയ്‌നില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.

 

 

 

Leave a Comment

More News