പീഡനം നടന്ന ടാറ്റു സ്റ്റുഡിയോ നടിമാരുടെയും ഇഷ്ടകേന്ദ്രം; ഒളിവിലുള്ള പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് കമ്മീഷണര്‍

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിലൂടെ വിവാദത്തിലായ ടാറ്റു കേന്ദ്രം സിനിമ, മോഡല്‍ താരങ്ങളുടെയും ഇഷ്ടസങ്കേതം. പ്രമുഖ നടിമാരും ഇവിടെ ടാറ്റു ചെയ്യാന്‍ എത്തിയിരുന്നുവെന്ന് സ്ഥാപനം അവകാശപ്പെടുന്നു. നടിമാര്‍ക്കൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും നടിമാരുടെ ശരീരത്തില്‍ ടാറ്റു പതിപ്പിച്ച ചിത്രങ്ങളും ഉള്‍പ്പെടെ പ്രതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രതി ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. ആരോപണം ഉയര്‍ന്നതു മുതല്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

ടാറ്റു ആര്‍ട്ടിസ്റ്റ് പി.എസ് സുജീഷിനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യാനാവുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സുജീഷ് ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് സൂചനയുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളിലെല്ലാം വ്യാപകമായി റെയ്ഡ് നടക്കുകയാണ് സുജീഷിനെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലു കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്‌റ്റേഷനിലും. ടാറ്റു ചെയ്യുന്നതിനിടെ പ്രതി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

ബംഗലൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് ഒടുവില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്് കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയായിരുന്നു പരാതി അയച്ചത്.

Leave a Comment

More News