മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അരികെ പാണക്കാട് തങ്ങള്‍ക്ക് നിത്യവിശ്രമം

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തി. പാണക്കാട് തങ്ങളെ അവസാന നിമിഷവും കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് മലപ്പുറം ടൗണ്‍ ഹാളിലേക്ക് എത്തിയത്. ജനത്തിരക്ക് കൂടി വന്നതോടെ രാത്രി 12.30 ഓടെ ഭൗതികദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റി. വീട്ടിലേക്കും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറടക്കം നടത്തുകയായിരുന്നു.

ഇന്നു രാവിലെ 9നായിരുന്നു ഖബറടക്കം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏറെക്കാലമായി രോഗബാധിതനായി കിടന്നതിനാല്‍ ഭൗതികദേഹത്തിനുണ്ടാകാവുന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഖബറടക്കം നേരത്തെയാക്കിയത്.

കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയത് .

പാണക്കാട് കുടുംബത്തിലെ പലരുടേയും ഖബറിടങ്ങളും ഇവിടെയുണ്ട്. ഖബറിന്റെ ജോലികള്‍ ഞായറാഴ്ച വൈകീട്ടോടെതന്നെ പൂര്‍ത്തീകരിച്ചിരുന്നു. മൃതദേഹം പാണക്കാട് വീട്ടിലെത്തിയപ്പോഴും വലിയ ജനാവലി തങ്ങളെ അവസാനമായി കാണാനുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മൃതദേഹം രാത്രി രണ്ടേടെ പാണക്കാട് ജുമാ മസ്ജിദില്‍ എത്തിച്ചു. 2.30-ന് ഖബറടക്കി. പുലര്‍ച്ചെ നാലോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ അവസാനിച്ചു.
ജുമാമസ്ജിദില്‍ നടന്ന നിസ്‌കാരത്തിന് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് പുലര്‍ച്ചെ രണ്ടരയോടെ ഖബറടക്കം നടത്തിയത്.

മുസ്ലീം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹീക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, പ്രവര്‍ത്തകര്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ പാണക്കാട്ടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുന്നുമ്മലില്‍ പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും നിയന്ത്രിക്കാന്‍ പോലീസും വൊളന്റിയര്‍മാരും ഏറെ പണിപ്പെട്ടു. തിരക്കുമൂലം പാണക്കാടേക്ക് യാത്രതിരിച്ചവരെ വലിയങ്ങാടിയിലും ഹാജിയാര്‍പള്ളിയിലും പോലീസ് തടയുണ്ടായി. കോണ്‍ഗ്രസ് മുന്‍ ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വൈകിട്ടോടെ പാണക്കാട്ടെത്തും.

മുസ്ലീം ലീഗിന്റെ ഉന്നതാധികാര യോഗം ഇന്ന് ചേരുന്നുണ്ട്. സാദിഖലി തങ്ങളെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കാനാണ് യോഗം.

Leave a Comment

More News