ആറ് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി സഞ്ചരിച്ച ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോള്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം ദിലീപിന്റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ കോടതിയില്‍ നിന്നും തിരിച്ചടി ഭയന്ന് പ്രോസിക്യൂഷന്‍. ദിലീപിനെതിരെ ചാര്‍ജ് ചെയ്ത കേസ് വളരെ ദുര്‍ബലമാണെന്നും അത് കോടതിയില്‍ തിരച്ചടിക്ക് കാരണമാകുമെന്നുമാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസിനോടൊപ്പം കൊണ്ടുപോകേണ്ട അന്വേഷണം തിടുക്കത്തില്‍ മറ്റൊരു എഫ്‌ഐആറിട്ട് കേസ് ചാര്‍ജ് ചെയ്തത് അബദ്ധമായിപ്പോയെന്നാണ് പലരുടെയും അഭിപ്രായം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. എന്നാല്‍ പരാതിയില്‍ നിന്ന് വ്യതിചലിച്ച് കേസന്വേഷണം പല വഴിക്കായി. ഓരോ ദിവസവും വരുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണെന്ന രീതിയില്‍ വെളിപ്പെടുത്തലിന് പിന്നാലെ പോവുകയാണ് അന്വേഷണ സംഘം.

ഇത് അന്വേഷകരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിച്ചുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് പുതിയ കേസെടുത്തതെന്ന ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്. രണ്ടാമത്തെ എഫ്.ഐ.ആറില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖയാണ് പ്രധാന തെളിവ്. എന്നാല്‍ അതിന്റെ വിശ്വാസ്യത ഉറപ്പാക്കുന്ന മറ്റ് തെളിവുകള്‍ ഇതുവരെ ഹാജരാക്കാനായിട്ടുമില്ല. സംഭവം നടന്ന് നാല് വര്‍ഷം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തനിക്കെതിരെ ദിലീപ് വധഗൂഢാലോചന നടത്തിയെന്ന പരാതി നല്‍കിയത്. ഇതില്‍ അസ്വാഭാവികതയുണ്ട്.

പരാതിക്കാരന്റെ ജീവന് ഭീഷണിയെന്ന കാരണം വിശ്വസനീയമല്ലെന്നു കോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസ് അവര്‍ തന്നെ അന്വേഷിക്കുന്നത് ഔചിത്യമല്ലെന്ന നിലപാട് കോടതി സ്വീകരിച്ചാല്‍ അതും വന്‍ തിരിച്ചടിയാകും. ഈ കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ഈ കേസ് തന്നെ റദ്ദാക്കേണ്ടിവരുമെന്ന സൂചന കോടതി നല്‍കിയതും കേസ് ദുര്‍ബലമാണെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളുടെ പരിശോധനയില്‍ തക്ക തെളിവുകള്‍ ലഭിക്കാത്തത് ക്രൈംബ്രാഞ്ചിനെ വലയ്ക്കുന്നുണ്ട്. നിര്‍ണായക തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വാദിക്കുന്നത്. എന്നാല്‍ ഫോണില്‍ നിന്ന് മാറ്റിയതു തന്റെ സ്വകാര്യചാറ്റുകളും ഫോട്ടോകളുമാണെന്ന് ദിലീപ് പറയുന്നു. അവ കോടതിയില്‍ ഹാജരാക്കാന്‍ തയാറുമാണ്.

എന്തായാലും ഈ കേസിനെ സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ ചര്‍ച്ച കോടതിയിലെ തിരിച്ചടി ഉറപ്പിച്ച സാഹചര്യത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വധഗൂഢാലോചന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News