മീഡിയവണ്‍ വിലക്ക്: മറുപടിസത്യവാങ്മൂലത്തിന് സമയംവേണ കേന്ദ്രം

ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് സമയം ആവശ്യമാണെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിക്ക് കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ അമരീഷ് കുമാറാണ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്.

സംപ്രേഷണ വിലക്ക് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതെന്നാണ് സൂചന.

സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News