സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി; ബഹിഷ്‌കരിച്ച് ബി.ജെ.പി; പാലക്കാട് കൊലപാതകങ്ങളില്‍ അപലപിച്ച് ഗവര്‍ണര്‍

പാലക്കാട്: എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം യോഗം ബഹിഷ്‌കരിച്ച ബിജെപിയെ മന്ത്രി വിമര്‍ശിച്ചു. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തിനുശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു.

യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കളുടെ ബഹിഷ്‌കരണം. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെയെല്ലാം കേസില്‍ കുരുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.

സഞ്ജിത്ത് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്നും ബിജെപി നേതൃത്വം ആരോപിച്ചു. സമാധാന യോഗത്തില്‍ നിലവില്‍ എംപിയും മുന്‍ എംപിയും തമ്മില്‍ മൂപ്പിളമ തര്‍ക്കമാണ് നടക്കുന്നതെന്നും മന്ത്രിക്ക് വരെ നിര്‍ദ്ദേശം നല്‍കുന്നത് മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ് ആണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

അതേസമയം, കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപലപിച്ചു. പാലക്കാട് നടന്ന കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമാണ്. നിരപരാധികള്‍ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News