കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ മാര്‍ച്ച്

തിരുവനന്തപുരം: വിലക്കുകള്‍ മറികടന്ന് വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ സമരം തുടരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരമാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞ പ്രതിഷേധക്കാര്‍ വിവിധ കവാടങ്ങളില്‍ നിലയുറപ്പിച്ചു.

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി. ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. തങ്ങളെല്ലാം ജീവനക്കാരാണെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. േപാലീസ് ഇതിനു അനുവദിക്കാതെ വന്നതോടെ മറ്റു കവാടങ്ങളിലേക്ക് പ്രകടനം നീങ്ങി.

വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതിമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി വര്‍ക്കേഴ്‌സ് യൂണിയനുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരം വിലക്കിക്കൊണ്ടും സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അറിയിച്ച് ചെയര്‍മാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് ഇന്നത്തെ സമരം. വരുംനാളുകളിലും സമരം തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് വ്യക്തമാണ്.

സമരത്തിനിടെ കവാടത്തിലെത്തിയ ചെയര്‍മാന്‍ ബി.അശോക് ഓഫീസിനുള്ളിലേക്ക് കടന്നുപോയി. ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ ഓഫീസിനുള്ളിലേക്ക് പോലീസ് കടത്തിവിടുന്നുമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News