പട്ടികജാതി ക്ഷേമഫണ്ടുകള്‍ സംസ്ഥാനം വകമാറ്റുന്നു-കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുകയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പദ്ധതികള്‍ കേരളത്തിലെ പട്ടികജാതിക്കാരില്‍ എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പട്ടികജാതി ഫണ്ട് വെട്ടിപ്പും അഴിമതിയും നടക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി എന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ പട്ടിക വിഭാഗ സമൂഹം പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ പട്ടികവിഭാഗക്ഷേമ പദ്ധതികള്‍ കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a Comment

More News