യുഎഇ പുതിയ ഗ്രീന്‍ വീസ പ്രഖ്യാപിച്ചു

അബുദാബി: പ്രഫഷണലുകള്‍, നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്കായി ഗ്രീന്‍ വീസകള്‍ യുഎഇ പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷമാണ് ഇതിന്റെ കാലാവധി. സ്‌പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം.

വീസ റദ്ദാവുകയോ കാലാവധി കഴിയുകയോ ചെയ്താലും ആറു മാസം കൂടി രാജ്യത്ത് തങ്ങാവുന്ന തരത്തില്‍ ഗ്രേസ് പീരീഡ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

പുതിയ അറിയിപ്പു പ്രകാരം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും അഞ്ചു വര്‍ഷം കാലാവധിയുള്ള സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വീസകള്‍ ലഭിക്കും. ഇതിനായി മാനവവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് അല്ലെങ്കില്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ആവശ്യമാണ്. ബിരുദമോ അല്ലെങ്കില്‍ സ്‌പെഷലൈസ്ഡ് ഡിപ്ലോമയോ ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. കഴിഞ്ഞ രണ്ടു വര്‍ഷം ഫ്രീലാന്‍സ് മേഖലയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 3,60,000 ദിര്‍ഹത്തിനു മുകളിലായിരിക്കണം.

യുഎഇയില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനോ അല്ലെങ്കില്‍ പങ്കാളികളാവാനോ എത്തുന്നവര്‍ക്കും അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വീസ ലഭിക്കും. നേരത്തെ ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ വീസയായിരുന്നു നല്‍കിയിരുന്നത്. ഇതിനായി രാജ്യത്തെ നിക്ഷേപത്തിനുള്ള രേഖകള്‍ ഹാജരാക്കണം. നിക്ഷേപന് ഒന്നിലധികം ലൈസന്‍സ് ഉണ്ടെങ്കില്‍ ആകെ മൂലധനം കണക്കാക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അംഗീകാരവും നിര്‍ബന്ധമാണ്.

പ്രൊബേഷന്‍ പോലെയോ പ്രോജക്ടുകള്‍ക്കുവേണ്ടിയോ മറ്റോ താത്കാലികാടിസ്ഥാനത്തില്‍ യുഎഇ യില്‍ ജോലിക്കെത്തുന്നവര്‍ക്കും ഗ്രീന്‍ വീസക്ക് അവസരമുണ്ട്. എന്നാല്‍ ഇതിനു സ്പോണ്‍സര്‍ ആവശ്യമാണ്. തൊഴിലുടമയില്‍നിന്നുള്ള താത്കാലിക തൊഴില്‍ക്കരാറോ കത്തോ വേണം. ജോലിയുടെ സ്വഭാവം വിശദീകരിക്കുന്നതിനു പുറമേ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.

 

Print Friendly, PDF & Email

Leave a Comment

More News