സമ്മാനമില്ലെന്ന് കരുതി ലോട്ടറി ടിക്കറ്റുകള്‍ ചവറ്റുകുട്ടയിലെറിഞ്ഞു, കടയുടമ പരിശോധിച്ചപ്പോള്‍ കിട്ടിയത് 40,000 രൂപ

തളിപ്പറമ്പ്: സമ്മാനമില്ലെന്ന് കരുതി അജയകുമാര്‍ ഒരു കടയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതായിരുന്നു ലോട്ടറി ടിക്കറ്റുകള്‍. എന്നാല്‍, കടയുടമ വൈകീട്ട് ചവറ്റുകൊട്ടയിലെ ലോട്ടറികള്‍ വെറുതെയെടുത്ത് പരിശോധിച്ചപ്പോള്‍ 40,000 രൂപ അടിച്ചിരിക്കുന്നതായി കണ്ടെത്തി. കാക്കത്തോട്ടിലെ ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ പി.പി. രഞ്ജുവിന്റെ സത്യസന്ധതയില്‍ അജയകുമാറിന് ലോട്ടറികള്‍ തിരികെ ലഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട് കട അടിച്ചുവാരി വൃത്തിയാക്കുമ്പോഴാണ് രഞ്ജുവിന് ചവറ്റുകൊട്ടയില്‍നിന്ന് ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. രഞ്ജു ഫലം നോക്കിയപ്പോള്‍ ഒരു ടിക്കറ്റിന് 5000 രൂപവെച്ച് എട്ട് ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചതായി മനസ്സിലാക്കി.

വൈകീട്ട് കടയില്‍ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ പൂമംഗലത്തെ എ. ഷൈജുവിനോടും കെ.വി. മനോജിനോടും ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ മൂന്നുപേരും ചേര്‍ന്ന് ഉടമസ്ഥനെ അന്വേഷിച്ചു. ഉച്ചയ്ക്ക് വര്‍ക്ക് ഷോപ്പില്‍ വാഹനം അറ്റകുറ്റപ്പണി നടത്താന്‍ വന്ന തിരുവട്ടൂരിലെ ചെങ്കല്‍ കയറ്റുതൊഴിലാളി അജയകുമാറാണ് ലോട്ടറിയുടെ അവകാശിയെന്ന് കണ്ടെത്തി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ചന്ദ്രന്റെ സാന്നിധ്യത്തില്‍ അജയകുമാറിന് ഇവര്‍ ടിക്കറ്റ് തിരിച്ചേല്‍പ്പിച്ചു. പൂമംഗലത്ത് റോഡിലെ അറ്റകുറ്റപ്പണികള്‍ സന്നദ്ധസേവനത്തിലൂടെ പൂര്‍ത്തിയാക്കിയതിനും രഞ്ജുവും കൂട്ടുകാരും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

 

Print Friendly, PDF & Email

Related posts

Leave a Comment