കെ.റെയില്‍ സര്‍വേ: പ്രതിഷേധക്കാരെ സിപിഎം മര്‍ദിച്ചിട്ടില്ലെന്ന് എം.വി ജയരാജന്‍; തല്ല് സ്വഭാവിക പ്രതികരണമെന്ന് കോടിയേരി

കണ്ണൂര്‍: കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സിപിഎമ്മുകാര്‍ ആരെയും തല്ലിയിട്ടില്ല. മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടിവന്നുവെന്നും ജയരാജന്‍ പറഞ്ഞു. സര്‍വേ ശാന്തമായിരുന്നു. നടാല്‍ ഭാഗത്ത് കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കയേറ്റം ചെയ്തു. വസ്തുത അറിയാതെയാണ് സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുത്. കെ റെയില്‍ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.ഭൂവുടമകള്‍ കല്ലിടുന്നതിന് അനുകൂല നിലപാടാണ്. എന്നിട്ടും ആ കല്ലുകള്‍ പിഴുതുമാറ്റാന്‍ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് മാറ്റിയ കല്ല് എല്‍ഡിഎഫ് പുനഃസ്ഥാപിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച് ആളുകള്‍ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കും. അവര്‍ക്ക് ബദല്‍ സൗകര്യം കൊടുക്കും. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തില്‍ ആരെയൊക്കെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് കെ റെയില്‍ ആണ്. പരിപാടിയിലേക്ക് ക്ഷണിക്കുന്നത് സര്‍ക്കാരല്ല. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News