ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; നാല് പേര്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

കൊലപാതകത്തില്‍ പങ്കെടുത്ത അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഗൂഢാലോചനയില്‍ പങ്കെടുത്ത ബാസിത്, റിഷില്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് സ്ഥിരീകരിച്ചത്. പറക്കുന്നം സ്വദേശിയായ റിഷില്‍ ആണ് കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നും അതില്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ മൂന്നു പേരുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് കണ്ടെത്തല്‍.

പ്രതികളില്‍ നിന്ന് ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണെന്നും 20 ലേറെ പേര്‍ അറസ്റ്റിലായേക്കുമെന്ന സൂചനയാണ് എ.ഡി.ജി.പി വിജയ് സാഖറെ നല്‍കുന്നത്. ശ്രീനിവാസന്‍ വധത്തിലും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈര്‍ വധത്തിലും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും എ.ഡി.ജി.പി അറിയിച്ചു.

അതേസമയം, കൊലയാളിസംഘത്തിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കെഎല്‍ 55 ഡി-4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ മൂന്നു ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പട്ടാന്പി സ്വദേശി കെ.വി. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ചുവന്ന കാര്‍. സംഭവദിവസം ഉച്ചയ്ക്ക് 12.37നാണ് കാറും ബൈക്കുകളും ബിജെപി ഓഫീസിനു മുന്നിലൂടെ പോയത്. ഇവിടെനിന്ന് ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയില്‍ എത്തിയതെന്നാണ് പോലീസ് നിഗമനം

Leave a Comment

More News