കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ; എന്തു നടപടി വന്നാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ.വി തോമസ്

ന്യുഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശിപാര്‍ശ. ശിപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. നടപടി സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

എ.കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അച്ചടക്ക സമിതി യോഗം ഇന്നാണ് അന്തിമ ശിപാര്‍ശ നല്‍കിയത്. കെ.വി തോമസിനെ നിലവില്‍ വഹിക്കുന്ന രണ്ട് പാര്‍ട്ടി പദവികളില്‍ നീക്കുമെന്നാണ് സൂചന.

എഐസിസി അംഗത്വം ഉള്‍പ്പെടെയുള്ള പദവികള്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ന് വൈകിട്ടോടെ പാര്‍ട്ടി അധ്യക്ഷ പ്രഖ്യാപിച്ചേക്കും. കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ നിലപാട്.

അച്ചടക്ക സമിതി നടപടിക്ക് ശിപാര്‍ശ ചെയ്ത പഞ്ചാബില്‍ നിന്നുള്ള അംഗത്തിന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ കെ.പി.സി.സി നേതൃത്വം എതിര്‍ത്തിരുന്നു. കെ.പിസി.സി തീരുമാനത്തോട് യോജിക്കാന്‍ എ.ഐ.സി.സിയും നിര്‍ദേശിച്ചതോടെ ശശി തരൂര്‍ എം.പിയും ഐഎന്‍ടിയുസി അധ്യക്ഷന്‍ ആര്‍.ചന്ദ്രശേഖരനും സെമിനാറില്‍ നിന്ന് പിന്മാറിയിരുന്നു.

അച്ചടക്ക സമിതി ശിപാര്‍ശ ചെയ്ത നടപടി എന്തായാലും വരട്ടെയെന്ന് കെ.വി തോമസ്. ഇപ്പോള്‍ പലതും പറഞ്ഞു കേള്‍ക്കുന്നതാണ്. എന്താണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപിക്കട്ടെ.

നടപടി എന്തായാലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. േകാണ്‍ഗ്രസ് എന്നത് വികാരവും കാഴ്ചപ്പാടുമാണ്. കോണ്‍ഗ്രസ് അധ്യക്ഷയെ നേരിട്ട് കാണാന്‍ തീരുമാനിച്ചിട്ടുണ്ട്്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.

 

Leave a Comment

More News