അട്ടപ്പാടി മധു വധക്കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസിന്റെ സാക്ഷി വിസ്താരം ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കേസ് തീര്‍ക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളിലാണ് വിസ്താരം. ഇതോടെ നാലു വര്‍ഷത്തെ പ്രതിസന്ധിക്ക് ശേഷം മധു കേസിന്റെ വിചാരണ നടപടികള്‍ക്ക് വേഗം കൂടി.

മൂന്നും, നാലും സാക്ഷികളായ രങ്കന്‍, അബ്ദുല്‍ ഹമീദ് എന്നിവരുടെ മൊഴി കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം വിസ്തരിച്ച വെള്ളങ്കിരിയോട് ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ഇരുവരോടും ചോദിച്ചറിയേണ്ടത് എന്നതിനാല്‍ വിസ്താരം വേണ്ടതില്ലെന്ന് തീരുമാനിച്ചു. അടുത്തദിവസവും വിസ്താരം തുടരും. മധുവിന്റെ ഇന്‍ക്വസ്റ്റിന് സാക്ഷികളായവരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കുന്നത്. ഹൈക്കോടതി മേല്‍നോട്ടമുള്ളതിനാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടപടികള്‍ക്കുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ തുടങ്ങാനായത്. വ്യത്യസ്ത കാരണങ്ങളാല്‍ മധു കേസിന്റെ വിചാരണ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എല്ലാ ആഴ്ചയും കേസിന്റെ പുരോഗതി അറിയിക്കാനും നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ച്ചയായ ദിവസങ്ങളിലെ നടപടിക്രമം.

Print Friendly, PDF & Email

Leave a Comment

More News