മതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിനെതിരേ കേസെടുത്തു

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് എടുത്തത്. തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ സംസ്ഥാന പോലീസ്
മേധാവി അനില്‍ കാന്തിന് ഉള്‍പ്പെടെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോര്‍ട്ട് പോലീസ് ജോര്‍ജിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നത്. പി.സി. ജോര്‍ജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും കാരണമാകുന്നുവെന്ന് യൂത്ത് ലീഗ്
പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.

പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സാധാരണ വിടുവായത്തമായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് കേരളത്തോട് മാപ്പുപറയണമെന്നും സി.പി.എം. ആവശ്യപ്പെട്ടിരുന്നു. മനുഷ്യസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നാന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

Print Friendly, PDF & Email

Leave a Comment

More News